ആലപ്പുഴ: പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പ കേസിലെ പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. വള്ളികുന്നം വില്ലേജിലെ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) പോലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18 ന് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് വെട്ടുകത്തിയെടുത്ത് പിതാവിന്റെ വലതു തോളിൽ വെട്ടി മുറിവേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിന്തുടർന്നെത്തിയ പ്രതി തലയിലും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വള്ളികുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. പ്രതിക്കെതിരെ കോടതി ലോംഗ് പെൻഡിംഗ് വാറണ്ട് ഉത്തരവിട്ടിരുന്നു. പ്രതി പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയാണ് വള്ളികുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.