കൊച്ചി: കേരള സംസ്ഥാനം രൂപീകൃതമായി 59 വര്‍ഷം കാത്തിരിക്കേണ്ടിവന്നു എറണാകുളം ജില്ലയിൽനിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകാന്‍.
നെട്ടൂരില്‍ ജനിച്ച വി.ഡി. സതീശന് നിയമപഠനത്തിന്റെ ഭാഗമായി കുറച്ചുകാലം തിരുവനന്തപുരത്തേക്ക് മാറിയത് ഒഴിച്ചാല്‍ പൂര്‍ണമായും എറണാകുളം ജില്ലക്കാരനാണ്.
പ്രാഥമിക വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും വക്കീല്‍ പ്രാക്ടീസുമൊക്കെ എറണാകുളത്ത് തന്നെയായിരുന്നു. നെട്ടൂരിലെ കുടുംബവീട്ടില്‍ നിന്ന് ആലുവയിലും ഇപ്പോള്‍ പറവൂരിലുമായി ജില്ലയിലെ സ്ഥിരം താമസക്കാരനുമാണ് സതീശന്.
രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി 1996ല്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചത് മുതല്‍ പറവൂരിന്റ പുത്രനായി വിഡി മാറി. ആദ്യ അവസരത്തില്‍ പരാജയപ്പെട്ടെങ്കിലും പറവൂർ വിടാൻ തയാറായില്ല. അവിടെ സ്ഥിരം താമസമാക്കി പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പുകളിലൊന്നും വിഡിയെ സ്വന്തം നാട് കൈവിട്ടില്ല.
സാങ്കേതികമായി ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി.എസ്. തിരുക്കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ടി.കെ. നാരായണപിള്ള പറവൂര്ക്കാരനായിരുന്നു.
തിരുക്കൊച്ചി മന്ത്രിസഭയിലെ അവസാന മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോന് തൃശൂര്‍ സ്വദേശിയായിരുന്നെങ്കിലും വക്കീല്‍ പ്രാക്ടീസിനായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു.
എറണാകുളത്ത് താമസിക്കുമ്പോഴാണ് തിരുക്കൊച്ചി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും മുഖ്യമന്ത്രിയാകുന്നതും.
Tags : First Chief Minister Ernakulam V.D. Satheesan