നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
തൃശൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന യാത്രക്കാർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നിരുന്നവർക്കുമാണ് പരിക്കേറ്റത്. ബസ് യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags : accident bus accident thrissur