കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
2006ലും 2011ലും കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്നും തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 വർഷം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം കോതമംഗലം നഗരസഭാ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേലാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ശനിയാഴ്ച വൈകുന്നേരം നാലു മുതൽ കോതമംഗലം ചേലാട്ടെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.