കെ.ബി. ഗണേഷ് കുമാർ.
തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി മുൻ എംഎൽഎ കെ.ബി. ഗണേഷ് കുമാർ. സംഘടനയിൽ ജനാധിപത്യം അസ്തമിച്ചെന്നും ചില ഇത്തിൾക്കണ്ണികൾ എൻഎസ്എസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. തിരുവനന്തപുരം മന്നം ക്ലബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു നേതൃത്വത്തെ വിറപ്പിച്ച ഗണേഷ് കുമാറിന്റെ പരാമർശങ്ങൾ.
മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ഓർമ്മവേണം. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാമെന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. താൻ ശുനകനാണെന്ന ഓർമ്മയില്ലെങ്കിലും ഇരിക്കുന്നത് കനകസിംഹാസനത്തിലാണെന്ന ബോധം എല്ലാവർക്കും നല്ലതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എൻഎസ്എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ഒരു വ്യക്തി തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെയാണ് സംഘടനയുടെ വിവിധ തസ്തികകളിൽ ജോലിക്ക് വെച്ചിരിക്കുന്നത്. എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളജ് തുടങ്ങുന്നില്ല.
മെഡിക്കൽ കോളജിലെ തൂപ്പുജോലിക്ക് കയറാൻ പോലും യോഗ്യതയുള്ളവർ ഈ നേതാവിന്റെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ കോളജ് വരാത്തതെന്നും അദ്ദേഹം ചോദിച്ചു. സമുദായത്തിലെ യുവതീയുവാക്കൾക്കായി ഒരു ഐടി പാർക്കോ തൊഴിൽ സംരംഭങ്ങളോ തുടങ്ങാൻ നേതൃത്വം തയ്യാറായില്ലെന്നും പകരം ചായക്കട തുടങ്ങിക്കോളൂ എന്നാണ് ഉപദേശിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.
തിരുവനന്തപുരത്തെ പല പ്രമുഖ നായർ നേതാക്കന്മാരും ഇപ്പോൾ ചായക്കട നടത്തുന്ന അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നത്ത് ആചാര്യനും ശബരിമലയ്ക്കും വേണ്ടി നടത്തുന്ന സമരങ്ങൾ അഭിമാനകരമാണ്. ചില ഇത്തിൾക്കണ്ണികൾക്കു വേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് സമുദായത്തിന് തന്നെ അപമാനമാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.