അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തെത്തിച്ചപ്പോൾ.
ന്യൂഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള സഞ്ചാരത്തിനിടെ എയർ ഇന്ത്യ വിമാനം 300 അടിയോളം താഴേക്കു പതിച്ച സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. എഐ 2379 - എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ആണ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞത്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത ശേഷം നടത്തിയ ആദ്യഘട്ട പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന്, സാമ്പിൾ വിശദമായ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഓഗസ്റ്റ് നാലിനാണു സംഭവം. അപകടത്തിൽ 24 പേർക്കു പരിക്കേറ്റിരുന്നു. 137 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പെട്ടെന്നു നിയന്ത്രണംവിട്ടു താഴേക്കു പതിക്കുകയായിരുന്നു. അന്തരീക്ഷ വ്യതിയാനമാണ് അപകടത്തിനു കാരണമെന്നായിരുന്നു എയർ ഇന്ത്യ ആദ്യം നൽകിയ വിശദീകരണം. എന്നാൽ പൈലറ്റിന്റെ ലഹരി ഉപയോഗം വ്യക്തമായതോടെ സംഭവം അതീവ ഗൗരവമുള്ളതായി അധികൃതർ കണക്കാക്കുകയായിരുന്നു.
സംഭവത്തിൽ, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കിയതായി ഡിജിസിഎ അറിയിച്ചു. പരിക്കേറ്റ ജീവനക്കാരിൽ രണ്ടു പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണ റിപ്പോർട്ടിന്റെയും ലാബ് ഫലങ്ങളുടെയും അടിസ്ഥാനത്തിൽ പൈലറ്റിനെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
Tags : AirIndiaFlightMishap PhuketDelhiFlight DGCA AAIB