മുട്ടിൽ മരംമുറിക്കേസ് പ്രതികൾ.
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ വിചാരണ കോടതിയിൽ കീഴടങ്ങി. ചോറ്റാനിക്കര കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിലെത്തി കീഴടങ്ങിയത്.
കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിനോട് വരുന്ന 13-ാം തീയതി ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിലെ മുട്ടിൽ, മേപ്പാടി എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി മുറിച്ചു കടത്തിയ മരങ്ങൾ എറണാകുളത്തെ മരക്കമ്പനി ഉടമയായ അലിയാറിന് വിറ്റതുമായി ബന്ധപ്പെട്ടാണ് കേസ്. വനംവകുപ്പിന്റെ ഔദ്യോഗിക പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിൽപ്പന.
പിന്നീട് കേസ് വിവാദമായതിനെത്തുടർന്ന് വനംവകുപ്പ് തടികൾ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കമ്പനിയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലമേട് പോലീസ് പ്രതികൾക്കെതിരെ വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർനടപടികളുടെ ഭാഗമായി ചോറ്റാനിക്കര കോടതി കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ കോടതിയിൽ എത്തിയിരുന്നില്ല.
ഇതിനെത്തുടർന്നാണ് കോടതി കർശന നടപടിയായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് പുറത്തുവന്നതിനു പിന്നാലെ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു.
Tags : MuttilTreeFelling Augustine Brothers Chottanikkara Court Kerala Police Forest Departmen