കൊച്ചി: പറവൂരില്‍ വീണ്ടും ഗൂഗിള്‍ പേ തട്ടിപ്പ്. പറവൂര്‍ ചേന്ദമംഗലം കവലയിലെ ലെറ്റ്സ് കണക്ട് എന്ന മൊബൈല്‍ ഷോപ്പില്‍നിന്നു രണ്ടു ഫോണ്‍ തട്ടിയെടുത്ത ശേഷം യുവാവ് കടന്നു കളഞ്ഞതായി പരാതി. ഈ മാസം പത്തിനായിരുന്നു സംഭവം. ഏകദേശം 25 വയസ് തോന്നിക്കുന്ന യുവാവ് 22,000 രൂപയ്ക്ക് രണ്ടു സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങി. പണം കൈമാറാനായി കടയിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുകയും റെസിപ്റ്റ് ജീവനക്കാരനെ കാണിക്കുകയും ചെയ്തു.
ഇതു വിശ്വസിച്ചു ജീവനക്കാരന് ഫോണുകള്‍ കൈമാറി. എന്നാല്‍ പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും യുവാവ് കാണിച്ചത് വ്യാജ റെസിപ്റ്റ് ആണെന്നും ബോധ്യമായത്. യുവാവ് നല്‍കിയിരുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വയനാട്ടിലെ ഒരാളാണ് എടുത്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഗൂഗിള്‍ പേ വഴി പണം അയച്ചതായുള്ള റെസിപ്റ്റ് കാണിച്ച ശേഷം മുങ്ങുന്ന സംഘം പറവൂരില്‍ വ്യാപകമായി തട്ടിപ്പ് നടത്തുകയാണ്. ഒരു മാസം മുമ്പ് ടൂ വീലര്‍ സ്പെയര്‍ പാര്‍ട്സ് കടയിലും ബാറ്ററികള്‍ വില്‍ക്കുന്ന മറ്റൊരു കടയിലും സാധനങ്ങള്‍ വാങ്ങിയ യുവാക്കള്‍ ഗൂഗിള്‍ പേ ചെയ്തെന്ന് പറഞ്ഞ് മുങ്ങിയിരുന്നു.
ഈ പ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നാലെയാണ് മൊബൈല്‍ കടയിലും തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഒരേ ആള്ക്കാര് തന്നെയല്ല തട്ടിപ്പ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഗൂഗിള്‍ പേ തട്ടിപ്പ് ആദ്യം നടന്നത്. പറവൂര്‍ ജംഗ്ഷനിലുള്ള തെക്കേനാരുവഴിയില് സ്പെയര്‍ പാര്‍ട്സ് കടയിലാണ് തട്ടിപ്പ് നടന്നത്.
1680 രൂപയുടെ സാധനങ്ങള്‍ വാങ്ങിയ ശേഷം ഒരു ഫോണില്‍ ടിക് മാര്‍ക് വന്നെന്ന് കാണിച്ച് ബൈക്കില്‍ എത്തിയ യുവാക്കള്‍ കടന്നു കളയുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലായിരുന്നു പ്രതികള്‍ എത്തിയത്. ഇതേ കടയില്‍ മറ്റ് രണ്ടു ചെറുപ്പക്കാര്‍ എത്തി 700 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങി പണം അയച്ചെന്ന് പറഞ്ഞ് ടിക് മാര്‍ക്ക് കാണിച്ചു.
എന്നാല്‍ പണം ലഭിച്ചിട്ടില്ലെന്ന് കടയുടമ പറഞ്ഞതോടെ എടിഎമ്മില്‍ നിന്നും പണമെടുത്തു വരാമെന്ന് പറഞ്ഞ് ഇവര്‍ രക്ഷപ്പെട്ടു. ജനുവരി ഒൻപതിന് പറവൂരിലെ ഒരു ബാറ്ററി കടയില്‍ നിന്നും 1900 രൂപയുടെ ബാറ്ററി വാങ്ങി സമാനരീതിയില്‍ തട്ടിപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങളും പരാതികളും പോലീസിന് നല്‍കിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
Tags : Google Pay scam two phones stolen