തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. മുരളീധരൻ. തീർഥാടകർക്ക് കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനായുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ സർക്കാർ ഉടൻ നടപ്പാക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കും.
ആധുനിക സജ്ജീകരണങ്ങളോടെ ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാൻ അനുവദിക്കില്ലെന്നും അവ കർശനമായി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വേങ്ങാട് ഗോശാലയിലെ പശുക്കളുടെ സംരക്ഷണം വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ഉറപ്പാക്കും. കൂടാതെ ആനകൾക്ക് സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമൊരുക്കും. ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്ക് അനുകൂലമായ തീരുമാനം വരും ദിവസങ്ങളിൽ ക്യാബിനറ്റ് യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : virtual queue guruvayoor temple K. Muraleedharan