ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി
കോട്ടയം: മലയാള ക്രൈസ്തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസി (77) അന്തരിച്ചു. സംസ്‌കാരം പിന്നീട്. വിന്‍സെന്‍ഷ്യന്‍ സഭ സെന്‍റ് ജോസഫ് പ്രോവിന്‍സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു.
തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കിൽ, നിത്യത തീര്‍ക്കുന്ന നിമിഷങ്ങളില്‍, ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, പിതാവേ അനന്ത നന്മയാകും തുടങ്ങി 700ൽ അധികം ഗാനങ്ങളുടെ രചയിതാവാണ്. 1974 ഡിസംബര്‍ 19ന് വൈദികനായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീയ നവോത്ഥാന രംഗത്തു പ്രവര്‍ത്തിച്ചു.
പോപ്പുലര്‍ മിഷന്‍ ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്‍റർ ഡയറക്ടര്‍, അസിസ്റ്റന്‍റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദ്ദേഹം സേവനം ചെയ്തു. പാലാ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരിയിലും ആലുവ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവനിലും സ്പിരിച്വല്‍ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്‍ത്തിച്ചു. വിന്‍സെന്‍ഷ്യന്‍ സഭയുടെ കോതമംഗലം, കലൂര്‍, വട്ടപ്പാറ ആശ്രമങ്ങളില്‍ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില്‍ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
ഇടവക-മിഷന്‍ ശുശ്രൂഷകളില്‍ കോയമ്പത്തൂര്‍ ഹോളി ട്രിനിറ്റി ഫൊറോനയില്‍ അസിസ്റ്റന്‍റ് വികാരിയായും പാലക്കയം ഇടവകയില്‍ വികാരിയായും സേവനം ചെയ്ത അദ്ദേഹം, ആറ്റിങ്ങല്‍ സെന്‍റ് ജൂഡ് മിഷന്‍ പള്ളി, നെടുമങ്ങാട് സെന്‍റ് തോമസ് മിഷന്‍ പള്ളി, കിള്ളി സെന്‍റ് ജോണ്‍ പോള്‍ രണ്ടാമന്‍ മിഷന്‍ പള്ളി എന്നിവിടങ്ങളില്‍ പ്രീസ്റ്റ്-ഇന്‍-ചാര്‍ജായും പ്രവര്‍ത്തിച്ചു. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു.
സീറോ മലബാര്‍ സഭ വിശുദ്ധ കുര്‍ബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം, വിശുദ്ധ കുര്‍ബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാര്‍ഡ്, ശാലോം മീഡിയ അവാര്‍ഡ്, സിസിലിയന്‍ അവാര്‍ഡ്, ഗുഡ്‌നസ് മീഡിയ അവാര്‍ഡ്, വിന്‍സെന്‍ഷ്യന്‍ ജനറലൈറ്റിന്‍റെ ലൂമിനസ് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അന്തീനാട് പനച്ചിക്കല്‍ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിന്‍സ് മുംബൈ), പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന (ഉര്‍സുലൈന്‍ ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിന്‍സ് കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ (ആന്‍സിലെ സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി.
Tags : Fr. Michael Panachikal passes away Lyricist