x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ളി ക​ഴി​ഞ്ഞാ​ൽ അമേരിക്ക വി​ട​ണം; അ​ന്ത്യ​ശാ​സ​ന​ത്തോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ഇ​റാ​ൻ പ​രി​ശീ​ല​ക​ൻ


Published: June 16, 2026 07:47 PM IST | Updated: June 16, 2026 07:54 PM IST

ലൊ​സാ​ഞ്ച​ല​സ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ ഇ​റാ​ൻ ഫു​ട്ബോ​ൾ ടീ​മി​നോ​ട് എ​ത്ര​യും വേ​ഗം അ​മേ​രി​ക്ക​യി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു. അ​മേ​രി​ക്ക​യു​ടെ ഈ ​നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​റാ​ൻ കോ​ച്ച് അ​മീ​ർ ഗ​ലെ​നോ​യി പ്ര​തി​ക​രി​ച്ച​ത്.

ലോ​ക​ക​പ്പി​നെ​ത്തി​യ ഇ​റാ​ൻ ടീ​മി​ന്‍റെ ക്യാ​മ്പ് മെ​ക്സി​ക്കോ​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വി​ടേ​ക്ക് എ​ത്ര​യും വേ​ഗം മ​ട​ങ്ങാ​നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കാ​ലി​ഫോ​ർ​ണി​യ​യി​ൽ രാ​ത്രി ചെ​ല​വ​ഴി​ക്കാ​നാ​ണ് ടീം ​ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ൽ ക​യ​റാ​നും മ​ട​ങ്ങാ​നു​മു​ള്ള നി​ർ​ദേ​ശ​മാ​ണ് ല​ഭി​ച്ച​ത്.

ഞ​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ പോ​ലും സ​മ​യം ത​ന്നി​ല്ലെ​ന്ന് ഗ​ലെ​നോ​യി പ്ര​തി​ക​രി​ച്ചു. ഉ​ട​ൻ ത​ന്നെ മ​ട​ങ്ങ​ണ​മെ​ന്ന് അ​വ​ർ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ സ​മ​യം ല​ഭി​ക്കേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ക്ഷേ ടീം ​ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങാ​നും ഞ​ങ്ങ​ളോ​ട് വി​മാ​ന​ത്തി​ൽ ക​യ​റാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ത് ഞ​ങ്ങ​ളെ ആ​കെ ഉ​ല​ച്ചു​ക​ള​ഞ്ഞെ​ന്നും കോ​ച്ച് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​റാ​ൻ ടീ​മി​നോ​ട് രാ​ജ്യം വി​ടാ​ൻ ആ​രാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്ന് ഗ​ലെ​നോ​യി വ്യ​ക്‌​ത​മാ​ക്കി​യി​ല്ല. നേ​ര​ത്തേ ഇ​റാ​ന്‍റെ ബേ​സ് ക്യാ​മ്പ് അ​രി​സോ​ണ​യി​ലെ ടു​സോ​ണി​ലാ​ണെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. എ​ന്നാ​ൽ യു​എ​സു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​യ​തോ​ടെ​യാ​ണ് ക്യാ​മ്പ് മെ​ക്സി​ക്കോ​യി​ലെ തി​ഹു​വാ​ന​യി​ലേ​ക്കു മാ​റ്റി​യ​ത്.

Tags : world cup iran usa newzealand

Recent News

Corehub Up