കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ ചേർത്തല ചന്ദിരൂർ സ്വദേശി കെ.എ. അനീഷിനാണ് (40) മർദനമേറ്റത്. ജൂൺ 14ന് രാത്രി 7.50ഓടെയാണ് സംഭവം നടന്നത്. സംഭവത്തിൽ അനീഷിനെതിരെ യാത്രക്കാരനായ ഒരാളും പരാതി നൽകിയിട്ടുണ്ട്.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ജെഎൻ 475 എന്ന എസി ലോ ഫ്ലോർ ബസിലാണ് സംഭവമുണ്ടായത്. ബസിൽ മറ്റൊരു യാത്രക്കാരൻ റിസർവ് ചെയ്ത സീറ്റിലിരുന്ന യാത്രക്കാരനോട് അനീഷ് മാറിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ റിസർവേഷൻ ടിക്കറ്റ് എടുത്ത് വരാനും കണ്ടക്ടർ പറഞ്ഞു. ഇത് കേട്ട് പ്രകോപിതനായാണ് രണ്ട് യാത്രക്കാർ ആക്രമിച്ചതെന്നാണ് അനീഷിന്റെ പരാതിയിൽ ആരോപിക്കുന്നത്. സർക്കാർ ജീവനക്കാരനായ അനീഷിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
അതേസമയം മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടർന്ന് കണ്ടക്ടർ തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് യാത്രക്കാരന്റെ പരാതി. കോളറിന് പിടിച്ച് തള്ളിയെന്നും തല സീറ്റിന്റെ കമ്പിയിൽ ഇടിപ്പിച്ചെന്നും ആരോപണമുണ്ട്. കോഴിക്കോട് നരിക്കുനി സ്വദേശി കെ.പി. റമീസാണ് പരാതിക്കാരൻ. സംഭവത്തിന് പിന്നാലെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ അനീഷിന്റെയും റമീസിന്റെയും പരാതികളിൽ പോലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.
Tags : KSRTC conductor assaulted ernakulam Police case