കൊച്ചി∙ അഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.
ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തന്‍റെ പേര് അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.
തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്‍റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Tags : High Court Anjali Nair election NDA