തിരുവനന്തപുരം ജില്ലയിലെ നേമം പലതുകൊണ്ടും ചരിത്രത്തിൽ ഇടംനേടിയ മണ്ഡലമാണ്. കേരളത്തിൽ ആദ്യമായി ‘താമര വിരിഞ്ഞത്’ നേമത്തായിരുന്നു. 2016ലാണ് നേമത്തുനിന്ന് ആദ്യ ബിജെപി എംഎൽഎ സംസ്ഥാന നിയമസഭയിലെത്തിയത്. എണ്‍പത്തിയാറാം വയസിൽ ഒ. രാജഗോപാൽ നേമത്ത് 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ത്രികോണമത്സരത്തിൽ സിറ്റിംഗ് എംഎൽഎ വി. ശിവൻകുട്ടി രണ്ടാമതും യുഡിഎഫ് സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ള മൂന്നാമതും എത്തി. രാജഗോപാൽ 67,813 വോട്ടുകൾ നേടിയപ്പോൾ വി. ശിവൻകുട്ടി 59,412 വോട്ടുകളും വി. സുരേന്ദ്രൻപിള്ള 13,860 വോട്ടുകളും നേടി. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മൂന്ന് മണ്ഡലങ്ങളിൽ ഒന്നായിരുന്നു നേമം. 1982ൽ കെ. കരുണാകരൻ ഇവിടെ നിന്നും വിജയിച്ചശേഷം മൂന്നു തവണ സിപിഎമ്മിനുവേണ്ടി വി.ജെ. തങ്കപ്പനും ഒരു തവണ വെങ്ങാനൂർ പി. ഭാസ്കരനുമായിരുന്നു വിജയിച്ചത്.
1982ൽ ലീഡർ കെ. കരുണാകരൻ മാളയിലും നേമത്തും മത്സരിച്ചു. എതിരാളി സിപിഐയിലെ ഇ. ഗോപാലകൃഷ്ണ മേനോൻ. യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതിനൊപ്പം കെ. കരുണാകരനെ എങ്ങനെയും വീഴ്ത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. മാളയിൽ മാത്രം മത്സരിക്കാൻ കരുണാകരൻ തയാറെടുത്തപ്പോൾ റിസ്ക് എടുക്കരുതെന്ന് പലരും ലീഡറോട് ഉപദേശിച്ചു. അതാണു നേമത്തും മത്സരിക്കാൻ ലീഡറെ പ്രേരിപ്പിച്ചത്.
നേമത്ത് 3348 വോട്ടുകളുടെ ഭൂരിപക്ഷത്തിലും മാളയിൽ 3410 ഭൂരിപക്ഷത്തിലുമാണ് ലീഡർ ജയിച്ചത്. കരുണാകരൻ നേമം സീറ്റ് ഒഴിഞ്ഞ് മാള നിലനിർത്തി. ഇതേത്തുടർന്ന് നേമത്തു നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഇ. രമേശൻ നായരും സിപിഎമ്മിലെ വി.ജെ.തങ്കപ്പനുമാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ രമേശൻ നായർ 7277 വോട്ടുകൾക്ക് പരാജയപ്പെട്ടു.
Tags : Historical Nemom