കുട്ടിക്കാനം: സീറോമലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക് മാതൃകയും ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതാ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച പിതാക്കന്മാരുടെയും സേവനശുശ്രൂഷകള്‍ ആദരവോടെ ബഹുമതിക്കുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്മാരുടെ സമര്‍പ്പിത സേവനവും കാഴ്ചപ്പാടും ആത്മീയതയും രൂപതയുടെ അപാരമായ വളര്‍ച്ചയ്ക്ക് നിമിത്തമായി.
വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹികസേവനം എന്നിവയില്‍ രൂപത ആഗോളസഭയ്ക്കുതന്നെ മാതൃകയാണ്. സംരംഭങ്ങളായ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെയും മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെയും മരിയന്‍ കോളജിന്റെയും അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെയും പ്രവര്‍ത്തനശൈലി സമൂഹത്തിന് പാഠം മാത്രമല്ല പാഠപുസ്തകമായി മാറേണ്ടതാണ്.
നന്മയുടെയും കരുണയുടെയും കരുതലിന്റെയുമായ ശുശ്രൂഷകള്‍ക്കാണ് കാഞ്ഞിരപ്പള്ളി രൂപത പ്രധാന്യം നല്‍കുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ദൈവജനം ഒരുമയോടെ വിശ്വാസത്തിലും ഐക്യത്തിലും നിലകൊണ്ടതിന്റെ അടയാളമാണ് രൂപതയുടെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുസ്മരിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ഡോ. ജോസഫ് വെള്ളമറ്റം, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി എപ്പാര്‍ക്കിയല്‍
അസംബ്ലി നാളെ സമാപിക്കും
കുട്ടിക്കാനം: മരിയന്‍ കോളജില്‍ നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപത അസംബ്ലി നാളെ സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും.
ഇന്ന് യുവജനപ്രേഷിതത്വവും വിദ്യാഭ്യാസവും സംബന്ധിച്ച് ഹാരി സി. ജോസഫ്, സാമൂഹിക പ്രതിബദ്ധതയും ക്രൈസ്തവസാക്ഷ്യവും എന്നതില്‍ ഫാ. മാത്യു വടക്കേല്‍, സമര്പ്പിതസാക്ഷ്യം സംബന്ധിച്ച് സിസ്റ്റര്‍ ടെസ്ലിന് ജോസഫ് കൂനംപാറയില്‍, നസ്രാണി സമുദായ ശക്തീകരണത്തില്‍ ഡോ. ബിനോ പി. ജോസ് എന്നിവര്‍ വിഷയാവതരണം നടത്തും.
യഥാക്രമം ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍, ഫാ.ഡോ. ജോണ്‍ പനച്ചിക്കല്‍, ഫാ. ജിയോ കണ്ണംകുളം, സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.
വെള്ളിയാഴ്ച സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ സംബന്ധിച്ച് ഫാ.ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതില്‍ ഫാ.ഡോ. ഫ്രാന്‍സിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തും. ഡോ. ജൂബി മാത്യു, ഫാ.ഡോ. ജോസഫ് തെക്കേവയലില്‍ എന്നിവര്‍ യഥാക്രമം മോഡറേറ്റര്മാരായായിരിക്കും.
Tags : Mar Raphael Thattil Kanjirapally Diocese Syro Malabar Church