പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.
ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നുമാണ് രാഹുലിന്റെ കുറിപ്പ്.
തെരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്നായിരുന്നു രാഹുലിനെതിരെയുള്ള ലൈംഗികാരോപണ കേസുകൾ. തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഒളിവിൽ പോയ രാഹുൽ രണ്ടുകേസുകളും മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച പുറത്തുവന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡിലെ ബൂത്തിൽ വൈകുന്നേരം 4.50-നാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
അതേസമയം രാഹുൽ വോട്ട് ചെയ്ത വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പ്രശോഭ് വിജയിച്ചു.