കൊച്ചി: മാസപ്പടി കേസിലെ തുടര്‍നപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇഡിയുടെ ഉന്നതതല യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഇഡി ഡറക്ടര്‍ രാഹുല്‍ നവീനിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും അഭിഭാഷകരുമടക്കം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരുവനന്തപുരത്ത് നടന്ന ആക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും.
കേസില്‍ ഇഡി അന്വേഷണം തടയണമെന്ന സിഎംആര്‍എലിന്‍റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനാല്‍ പെട്ടെന്ന് തന്നെ കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ചത്തെ സാവകാശം സിഎംആര്‍എൽ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളി.
അതിനാല്‍ വീണ അടക്കമുള്ളവരെ ഇഡി ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കാനാണ് സാധ്യത. അതേസമയം, ഇഡി അന്വേഷണത്തിനെതിരെ നേരത്തെ സിഎംആര്‍എല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
ഇതിനെതിരേയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്.
Tags : ED Director Meeting Kochi