തിരുവനന്തപുരം/കൊച്ചി: അവയവ കച്ചവടത്തില്‍ കോടികണക്കിനു രൂപയുടെ ഇടപാടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയില്‍ പങ്കാളികളായിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തി അവരുടെ അവയവങ്ങള്‍ പണം നല്കി വാങ്ങിയ ശേഷം വളരെ കുറച്ച് പണം മാത്രമാണ് ഇടനിലക്കാര്‍ നല്കി വന്നിരുന്നത്. ചില വന്‍കിട ആശുപത്രികളും ഇടനിലക്കാരും അവയവം സ്വീകരിച്ചവരില്നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തിരുന്നുവെന്ന ആരോപണത്തിന്റെ പേരിലാണ് ഇഡി പരിശോധന.
ചില സ്വകാര്യ ആശുപത്രികള്‍ ഇടനിലക്കാര്‍ക്കു ലക്ഷക്കണക്കിനു രൂപ കമ്മീഷനായി നല്‍കിയിരുന്നതായി പറയുന്നു. ഈ തുക ഉപയോഗിച്ച് പല ഏജന്റുമാരും വസ്തു വകകള്‍ വാങ്ങിയതായി ഇഡി. കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആശുപത്രികളിലെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഇഡി നടപടി തുടങ്ങിയത്. നജീബ്, വട്ടപ്പാറ സ്വദേശി സുധീര്‍, കൊല്ലം സ്വദേശിനി ശ്രീജ എന്നിവര്‍ക്കെതിരെ നേരത്തെ അവയവ കച്ചവടത്തില്‍ പോലീസ് കേസെടുത്തിരുന്നു.
അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചെന്ന കേസിലാണ് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഇഡി റെയ്ഡ് നടക്കുന്നത്. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ അക്കൗണ്ടിലേക്ക് ആശുപത്രിയില്‍നിന്നു പണമിടപാടുകള്‍ നടന്നതു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇന്നു രാവിലെ ആറോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.
എന്നാല്‍, പഴയ ഫയലുകള്‍ പരിശോധിക്കുക മാത്രമാണ് ഇഡി ചെയ്യുന്നതെന്നാണ് സ്വകാര്യ ആശുപത്രിയിലെ വക്താവ് അറിയിക്കുന്നത്. അതേസമയം, അവയവദാന തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയയെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍നിന്നാണ് പോലീസ് നജീബിനെ അറസ്റ്റ് ചെയ്തത്. നജീബിനെ പിടിയിലായതോടെയാണ് സ്വകാര്യ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നുവെന്നും ആശുപത്രികളുടെ സഹായം ലഭിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡിയുടെ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തി വരികയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ദാതാക്കള്‍ക്കു കുറഞ്ഞ തുക നല്കി വന്‍ തുകയ്ക്കാണ് അവയവങ്ങള്‍ വില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അവയവ കടത്ത് കേസില്‍ നിരവധി പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Tags : Organ trafficking racket ED raid hospitals