കൊച്ചി: പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള തപാൽ ബാലറ്റുകൾ ഇന്നലെയും പൂർണതോതിൽ ലഭ്യമായില്ല. എറണാകുളം മഹാരാജാസ് കോളജിലെ പോളിംഗ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിൽ വോട്ട് ചെയ്യാനാകാതിരുന്ന ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു.
ജില്ലയ്ക്കു പുറത്തെ വോട്ടർമാരായ ഉദ്യോഗസ്ഥർക്കാണ് ബാലറ്റ് പേപ്പറുകൾ എത്താത്തതിനെത്തുടർന്ന് വോട്ട് ചെയ്യാനാകാതെ വന്നത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള വോട്ടർമാർക്കായി പ്രത്യേകം ബൂത്തുകൾ ഇവിടെ സജ്ജീകരിച്ചിരുന്നു.
എന്നാൽ തൃശൂർ, വയനാട് ജില്ലകളിലെ ബാലറ്റുകൾ എത്താതിരുന്നതിനാൽ വോട്ട് ചെയ്യാനായില്ലെന്ന് അധ്യാപകസംഘടനാ നേതാക്കൾ ആരോപിച്ചു. ഉച്ചവരെ കാത്തിരുന്ന ഉദ്യോഗസ്ഥർ പലരും വോട്ട് ചെയ്യാതെയാണ് പോളിംഗ് സ്റ്റേഷനുകളിലേക്കു പോയത്.
ബാലറ്റുകൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) പ്രവർത്തകർ പോളിംഗ് സാമഗ്രി വിതരണകേന്ദ്രത്തിൽ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
ഇന്നലത്തെ കോടതി ഉത്തരവുപ്രകാരം, പോളിംഗ് ഡ്യൂട്ടിയിലുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കൾ പറഞ്ഞു. പോളിംഗ് ഡ്യൂട്ടിയിലുള്ളവരുടെ പരിശീലനസ്ഥലങ്ങളിൽ വോട്ടിംഗിന് അവസരമൊരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എല്ലായിടത്തും അതുണ്ടായില്ല.
Tags : Postal ballots not arrived officials protest Kerala Assembly Election Niyama Sabha Election