പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെത്തിയ രാഹുൽ ഗാന്ധി സ്വർണം കട്ടത് ആരപ്പാ എന്ന പാരഡി ഗാനം പാടി. വേദിയിൽ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാരഡി രാഹുൽ ഉയര്‍ത്തിയപ്പോൾ സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് ബാക്കി പാട്ട് ഉയര്‍ന്നു.
പത്തനംതിട്ടയിലെത്തിയ രാഹുൽ ബിജെപിയേയും എൽഡിഎഫിനെയും കടന്നാക്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ച അദ്ദേഹം ശബരിമല സ്വർണക്കൊള്ള, റബർ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.
റബർ കർഷകർക്ക് യുഡിഎഫ് സർക്കാർ മുമ്പ് നൽകിയിരുന്ന സബ്സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇവ പുനസ്ഥാപിക്കുമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സർക്കാർ അമേരിക്കയ്ക്ക് അടിയറവ് വെച്ചതായി രാഹുൽ ആരോപിച്ചു. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ് അദാനിയാണെന്നും അമേരിക്കയിൽ അദാനിക്കെതിരെ ഉയർന്ന കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.