തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്‌നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.
Tags : Kerala Rains Weather Alert Weather Updates Weather Forecast