തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കൂടാതെ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷം മധ്യ-പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതൽ പ്രദേശങ്ങൾ, കൂടാതെ തെലുങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ഒരു ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. കൊങ്കൺ തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.