കാൻസാസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ബൂട്ടുകളും പന്തുകളുമടക്കമുള്ള സാധനങ്ങൾ മോഷണംപോയി. അടുത്തയാഴ്ച ക്രൊയേഷ്യക്കെതിരേ ആദ്യ പോരാട്ടം അരങ്ങേറാനിരിക്കെ നടന്ന മോഷണം ടീമിനെ വലിയ പ്രതിസന്ധിയിലാക്കി.
യുഎസിലെ കാൻസാസ് സിറ്റിയിലാണു സംഭവം. ഞായറാഴ്ച കാൻസാസ് സിറ്റിയിൽ എത്തുന്ന ഇംഗ്ലണ്ട് ടീമിനായി അവരുടെ പരിശീലനകേന്ദ്രമായ സ്വോപ് സോക്കർ വില്ലേജിലേക്ക് സാമഗ്രികൾ മുൻകൂട്ടി എത്തിച്ച വാഹനങ്ങളിലാണു മോഷണം നടന്നത്. വാഹനങ്ങൾ തകർത്താണ് മോഷ്ടാക്കൾ സാധനങ്ങൾ കവർന്നത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പന്തുകളും ബൂട്ടുകളും കൂടാതെ, മറ്റെന്തെങ്കിലും സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പരിശോധിക്കുകയാണ്. പരിശീലകൻ തോമസ് ടുഹെലും സംഘവും കാൻസാസ് സിറ്റിയിലെ പരിശീലനകേന്ദ്രത്തിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച ക്രൊയേഷ്യക്കെതിരേ നടക്കുന്ന ആദ്യ മത്സരത്തിനായുള്ള തോമസ് ടുഹെലിന്റെ തന്ത്രങ്ങളെയും ടീമിന്റെ ഒരുക്കങ്ങളെയും ഈ സംഭവം ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഇംഗ്ലണ്ട് താരങ്ങളുടെ സന്പൂർണ പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ ടീമിന്റെ മാനസികാവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
1966-ന് ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാനാകാത്ത ഇംഗ്ലണ്ടിന് ഇത്തവണ
ത്തെ ലോകകപ്പ് ഏറെ നിർണായകമാണ്. സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണ് ഇംഗ്ലണ്ട് ഇക്കുറി ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളിലും ഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന്, ഈ ലോക കപ്പ് മികച്ച അവസരമായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.
48 ടീമുകൾ മാറ്റുരയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിൽ ഗ്രൂപ്പ് എല്ലിൽ ആണ് ഇംഗ്ലണ്ട് മത്സരിക്കുന്നത്. ക്രൊയേഷ്യ, ഘാന, പനാമ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ശേഷം ജൂൺ 23ന് ഘാനയുമായും, ജൂൺ 27ന് പനാമയുമായും ഇംഗ്ലണ്ട് ഏറ്റുമുട്ടും.
Tags : England FIFA World Cup Football Team