നെടുമങ്ങാട്: നെടുമങ്ങാട് പനവൂരിൽ രണ്ടാനച്ഛന്‍റെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അർഷാദ് പീഡനങ്ങൾക്ക് ഇരയാകുന്ന വിവരം മുത്തശ്ശി ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്ത്.
പനവൂർ നെല്ലിക്കുന്നിൽ വാടകക്കു താമസിച്ചിരുന്ന അഖിലയുടെ മകൻ അർഷാദിനെ മേയ് 29നാണ് അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കർ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ഏറെക്കാലമായി കുഞ്ഞ് അഷ്കറിന്‍റെ കൊടിയ പീഡനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു.
ഈ വേളയിൽ അഖിലയുടെ മാതാവ് റീന ചൈൽഡ് പ്രൊട്ടക്ഷൻ ഭാരവാഹികളെ ഫോൺ വിളിച്ച് വിവരം അറിയിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ കുഞ്ഞിന്‍റെ ഇരുകൈകളിലും ഒടിവ് സംഭവിച്ചിരുന്നു. ഇത് രണ്ടാനച്ഛൻ അഷ്കർ അടിച്ചൊടിച്ചതോ തള്ളിയിട്ട് ഒടിച്ചതോ ആകാമെന്നും അന്വേഷണം വേണമെന്നുമാണ് റീനയുടെ ശബ്ദ സന്ദേശത്തിലുള്ളത്.
കുഞ്ഞ് നിരന്തരമായി ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും തന്നോടൊപ്പം താമസിച്ചിരുന്ന കുഞ്ഞിനെ മകളും പുതിയ ഭർത്താവും ചേർത്ത് ഉപദ്രവിക്കുകയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ കൗണ്ടറിലെ ആരോ ആണ് റീനയുടെ ഫോൺ എടുത്തത്. അദ്ദേഹത്തോടാണ് ആക്രമണകാര്യങ്ങൾ വിശദീകരിക്കുന്നത്.
ഫോണെടുത്തയാൾ കാര്യങ്ങളെ നിസാരവത്കരിക്കുന്നതും അഷ്കറിനോട് റീനയ്ക്കുള്ള വൈരാഗ്യത്താൽ ആക്രമണമായിരിക്കുമെന്ന് തോന്നുന്നതാണെന്ന് പറയുന്നതും കേൾക്കാം. കൊലപാതകത്തിനു ശേഷം അറസ്റ്റിലായ അഷ്കറും അഖിലയും ഇപ്പോൾ റിമാൻഡിലാണ്.
Tags : grandmother Nedumangad Voice message