പരവൂർ: ട്രെയിൻ അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ റെയിൽവേ ശൃംഖലയിലുടനീളം സിഗ്നലിംഗ് സംവിധാനങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താൻ റെയിൽവേ ബോർഡ് ഉത്തരവിട്ടു.
സിഗ്നലിംഗ് ഇൻസ്റ്റലേഷനുകളിലെ പോരായ്മകൾ കണ്ടെത്താനും അവയുടെ വിശ്വാസ്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരോടും ഇതിനായി മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെയുണ്ടായ പല മാരകമായ അപകടങ്ങൾക്കും പാളം തെറ്റലുകൾക്കും കാരണം സിഗ്നലിംഗ് സംവിധാനങ്ങളിലെ തകരാറുകളാണെന്ന സംശയത്തെ തുടർന്നാണ് നടപടി.
2023 ജൂണിൽ ഒഡിഷയിലെ ബാലസോറിൽ കോറമണ്ടൽ എക്സ്പ്രസ് ഉൾപ്പെട്ട ദാരുണമായ അപകടത്തിൽ 290 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിഗ്നലുകൾ പച്ചയായിരുന്നിട്ടും ട്രെയിനുകൾ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചതാണ് അന്ന് അപകടത്തിന് കാരണമായത്. ഇത്തരം വീഴ്ചകൾ ഭാവിയിൽ ഒഴിവാക്കുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.
പുതുതായി കമ്മീഷൻ ചെയ്തതും നിലവിലുള്ളതുമായ സിഗ്നലിംഗ് സംവിധാനങ്ങൾ ഓഡിറ്റിൽ ഉൾപ്പെടുത്തും. അംഗീകൃത ഡ്രോയിംഗുകളും മാനദണ്ഡങ്ങളും പാലിച്ചാണോ ഇൻസ്റ്റലേഷനുകൾ നടത്തിയിട്ടുള്ളതെന്ന് പരിശോധിക്കും.
ഉപകരണങ്ങളുടെ ഗുണനിലവാരം, വയറിംഗ്, എർത്തിംഗ്, ബോണ്ടിംഗ് എന്നിവയ്ക്ക് പുറമെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ പുറപ്പെടുവിച്ചിട്ടുള്ള സാങ്കേതിക നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ വിലയിരുത്തും. ഓഡിറ്റ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ ഉടൻ സ്വീകരിക്കും.
Tags : Recommendation safety audit railway signaling systems