തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ൽ നടന്ന ഗൂഢാലോചനയിൽ പുതിയ കേസെടുത്ത് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ ആലോചന.
2025ലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചനയിലാണ് പുതിയ കേസെടുത്ത് അന്വേഷണം നടത്തുന്നത് ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ തന്നെ എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടുന്നതിൽ ഹൈക്കോടതിയും കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായിരുന്ന അജികുമാർ, പി.ഡി. സന്തോഷ്കുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരുടെ അടക്കമുള്ള പങ്ക് അന്വേഷിക്കുന്നത് ആലോചിക്കുന്നത്.
ദ്വാരപാലകശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025ൽ ഗൂഢാലോചന നടന്നെന്നും പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഹൈക്കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ആലോചന.
Tags : Sabarimala gold theft SIT new case