ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തില്‍ പ്രതി സജിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. സഹോദരൻ റെജിയെ കൊന്നത് മർദിച്ചും കഴുത്തില്‍ തോർത്ത് മുറുക്കിയുമാണ്.
അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും കയ്യില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി എന്നും പ്രതി വെളിപ്പെടുത്തി. ഏപ്രില്‍ നാലാം തീയതി രാത്രിയാണ് കൊലപാതകം നടന്നതെന്നും മൊഴിയിലുണ്ട്.
മൃതദേഹങ്ങള്‍ രണ്ടു ദിവസം വീടിനു പുറത്ത് ഗ്രീൻ നെറ്റില്‍ പൊതിഞ്ഞു വച്ചു. മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷമാണ് കുഴിച്ചിട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ സജി ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുറ്റം സമ്മതിച്ചിരുന്നു. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ പോലീസ് പിടികൂടിയത്. പിടികൂടുമ്പോള്‍ അവശനിലയിലായിരുന്നു.
ഈ മാസം രണ്ട് മുതല്‍ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും ചോദ്യം ചെയ്യലും നടത്തിയിരുന്നു.
അന്വേഷണത്തില്‍ തന്നെ പോലീസിന് ദുരൂഹത തോന്നിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യനോട് സാമ്യം തോന്നുന്ന ശരീരഭാഗങ്ങള്‍ വീടിൻ്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്. കാല് ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിന് പോലീസ് വീട്ടിലെത്തിയപ്പോള്‍ സജി അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള അയാളുടെ മറുപടിയില്‍ പൊലീസിന് സംശയം തോന്നി. വൈകിട്ട് വീണ്ടും പൊലീസ് വീട്ടിലെത്തിയപ്പോള്‍ സജി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
പിന്നീട് നടത്തിയ തെരച്ചിലില്‍ ആണ് വീടിന് സമീപത്തെ പറമ്പില്‍ നിന്നും സജിയെ പൊലീസ് പിടികൂടിയത്. അതേസമയം പിതാവിന്റെ തിരോധാനവും അന്വേഷിക്കണമെന്ന ആവശ്യവുമായി സജിയുടെ സഹോദരി സിനി രംഗത്തെത്തിരുന്നു
Tags : nedungandam double murder case accused saji statement police