അഹമ്മദ് അല്‍ സാബിത്ത്
കോഴിക്കോട്: കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നു പിടിവിട്ട് മേല്‍പ്പാലത്തില്‍ നിന്നു തെറിച്ചു താഴെ ടാര്‍ റോഡില്‍ വീണ വിദ്യാര്‍ഥി മരണമടഞ്ഞു.
മാവൂര്‍ റോഡിലെ അരയിടത്തുപാലം മേല്‍പ്പാലത്തിനു മുകളില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ പാമ്പിഴഞ്ഞപാറ കുന്നുമ്മല്‍ അഹമ്മദ് അല്‍ സാബിത്താണ് (19) മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അധികം വൈകാതെ ജീവന് നഷ്ടമായി. അരയിടത്തുപാലം മേല്‍പ്പാലത്തിന്റെ മധ്യത്തില്‍ വച്ച് ഇതുവഴി വരികയായിരുന്ന കാറും രണ്ടു ബൈക്കുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന് പിറകില്‍ സഞ്ചരിച്ച അഹമ്മദ് അല്‍ സാബിത്ത് തെറിച്ച് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കോഴിക്കോട് പാലാഴിയിലുള്ള ഹിദായ ദര്‍സിലെ വിദ്യാര്‍ഥിയാണ് അഹമ്മദ് അല്‍ സാബിത്ത്. സുഹൃത്തായ റബീലിന്റെ ഒപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ്അപകടം സംഭവിച്ചത്.അപകടത്തില്‍ പരിക്കേറ്റ രണ്ട് ബൈക്കുകളിലെ യാത്രക്കാരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാബിത്തിന്റെ പിതാവ്: ജാഫര്‍ പെരിങ്ങോട്(ചമല്‍). മാതാവ്: റൈഹാനത്ത്. സഹോദരന്: ബാസിത്.
Tags : Student dies accident flyover Ahmed Al Sabit death