തിരുവനന്തപുരം: വില്പനയിൽ റിക്കാർഡിട്ട് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ. 38 ലക്ഷത്തിലേറെ (38,69,930) ടിക്കറ്റുകളാണ് നറുക്കെടുപ്പിനു നാല് ദിവസം ശേഷിക്കേ ഇതിനകം വിറ്റുപോയത്.
42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ആയിരുന്നു സമ്മർ ബംപർ ടിക്കറ്റുകളുടെ ആകെ വില്പന. സമ്മർ ബംപർ നറുക്കെടുപ്പ് ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന- 11,15,380 എണ്ണം. തിരുവനന്തപുരത്ത് 4,11,000 ടിക്കറ്റുകളും തൃശൂരിൽ 4,09,090 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 10 കോടി രൂപയാണു ലഭിക്കുക. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്കു ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബംപർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്കു ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. 250 രൂപയാണു ടിക്കറ്റ് വില.
Tags : record sales Summer bumper Lottary Kerala Lottary