കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂർ ആൽപ്പാറയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വഴിയോരത്ത് നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതിലൊന്ന് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി പാതയോരത്തുള്ള കാർ ഷോറൂമിന് ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.
ഷോറൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു.