ജനറല്‍ അനില്‍ ചൗഹാന് ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാ
ഏഴിമല: നിരവധി വെല്ലുവിളികളെയാണ് നമുക്ക് നേരിടാനുള്ളതെന്നും ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുത്തു മുന്നോട്ടു പോകണമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്. ഏഴിമലയുടെ പടിഞ്ഞാറെ ചെരുവിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ പരേഡ് ഗ്രൗണ്ടില്‍ നാവിക കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക മേഖലയിലെ പുരോഗതിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയുള്ള മുന്നേറ്റമാണ് സേനാ വിഭാഗങ്ങളില്‍ നടക്കുന്നത്. ഈ മേഖലയില്‍ അറിവു നേടുകയെന്നത് ഓരോ കേഡറ്റിനെ സംബന്ധിച്ചും പരമ പ്രധാനമാണ്. ഏതുതരം വെല്ലുവിളികളുണ്ടായാലും അതിനെയൊക്കെ നേരിടാനുള്ള അറിവും കഴിവുമാണ് ഇവിടെനിന്നും പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
34 വനിതകളുള്‍പ്പെടെ 232 കേഡറ്റുകളാണ് ഇന്നലെ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളില്പെട്ട ബംഗ്ലാദേശ്, ശ്രീലങ്ക, വിയറ്റ്നാം, മാലദ്വീപ്, മ്യാൻമര്, മൊസാംബിക്, സെയ്ഷല്‍സ് എന്നീ ഏഴു രാജ്യങ്ങളില്‍നിന്നുള്ള 18 കേഡറ്റുകള്‍ പരിശീലനം നേടി പുറത്തിറങ്ങിയവരിലുള്പ്പെടുന്നു. പരിശീലന കാലത്ത് കൂടുതല്‍ മികവു പുലര്‍ത്തിയ കേഡറ്റുക ള്‍ക്ക് സംയുക്ത സൈനിക മേധാവി വിവിധ പുരസ്കാരങ്ങളും സമ്മാനിച്ചു.
ഡിഫന്‍സ് വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് അനുപമ ചൗഹാന്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സാക്സേന, ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമി കമാൻഡന്റ് വൈസ് അഡ്മിറല്‍ മനീഷ് ചദ്ദ, അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയര്‍ അഡ്മിറല്‍ പ്രകാശ് ഗോപാലന്, മറ്റു സൈനികോദ്യോഗസ്ഥര്‍, കേഡറ്റുകളുടെ പരിശീലകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കേഡറ്റുകളുടെ ബന്ധുക്കളായ നിരവധിയാളുകളും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
Tags : General Anil Chauhan ezhimala naval academy passing out parade Indian Navel Accademy