കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ച ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു വനം വകുപ്പിന് കോടതി അനുമതി. മരം ലേലത്തില്‍ വില്‍ക്കുന്നതിന് സൗത്ത് വയനാട് ഡിഎഫ്ഒ സമര്‍പ്പിച്ച ഹര്‍ജി ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം വനം വകുപ്പ് തടികള്‍ ലേലം ചെയ്യും. കുപ്പാടി ഡിപ്പോയില്‍ സൂക്ഷിക്കുന്ന തടികളുടെ പൂര്‍ണ വിവരം മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘം കോടതിയില്‍ സമര്‍ച്ചിച്ച സാഹചര്യത്തിലാണ് ലേലത്തിന് കോടതി അനുവാദം നല്‍കിയത്. അനധികൃതമായി മുറിച്ചതില്‍ 800 കഷണം ഈട്ടിയാണ്. 112 മരങ്ങളുടേതാണ് ഇത്രയും കഷണങ്ങള്‍. ഇവയ്ക്ക് നാല് കോടി രൂപയാണ് നിലവില്‍ വില മതിക്കുന്നത്.
തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരം മുറിക്കേസില്‍ ഉള്‍പ്പെട്ട വാഴവറ്റ അഗസ്റ്റിന് സഹോദരന്മാര് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ കോടതി തള്ളിയിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്‍ജി സമര്‍പ്പിച്ചത്.
Tags : Tree cut Court Forest Department auction