x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി 20 സ്വതന്ത്ര ആശയമുള്ള പാര്‍ട്ടി: അഖില്‍ മാരാര്‍


Published: April 11, 2026 01:11 PM IST | Updated: April 11, 2026 01:22 PM IST

കൊച്ചി: ട്വന്‍റി 20 സ്വതന്ത്ര ആശയമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ബിജെപിയില്‍ ലയിച്ചതല്ലെന്നും തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍. സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ ബിജെപിയുടെ ഭാഗമായതാണെന്ന് അഖില്‍ മാരാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഖില്‍ മാരാരുടെ ഫേസ്ബുക്ക് പേജിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ അക്കൗണ്ട് തിരിച്ചു കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കുറിപ്പുമായി അഖില്‍ രംഗത്തെത്തിയത്.

മോദി വിരോധം എന്ന ആശയമാണ് ഇന്ത്യയില്‍ ഇന്ത്യ മുന്നണി ഉണ്ടാവാന്‍ കാരണം. താന്‍ ട്വന്‍റി 20യില്‍ ചേര്‍ന്നത് മതേതര ബോധമുള്ള, വികസന കാഴ്ചപാടുള്ള, കിഴക്കമ്പലത്ത് മികച്ച ഭരണം സമ്മാനിച്ച, 15000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്‍റി 20യിലാണ്. ആ ബോധം ഇല്ലാത്തവര്‍ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തമായതു കൊണ്ടാണ് എഴുതുന്നത് എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.

അഖില്‍ മാരാരുടെ കുറിപ്പ്:

ഞാന്‍ ട്വന്‍റി 20യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ മത വര്‍ഗീയവാദികളും കമ്മികളും എനിക്കെതിരെ ഇറങ്ങി തിരിച്ചതാണ്... ഇതില്‍ എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ കേള്‍ക്കുന്ന ഒരു വിളിയാണ് സംഘി എന്നത്... സത്യം പറയുന്നവനെ ഇല്ലാതാക്കാന്‍ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സൃഷ്ടിച്ച ഒന്നാണ് ഈ ഐറ്റം.. ഒരാളെ സംഘി ആക്കി ചിത്രീകരിക്കുമ്പോള്‍ കേരളത്തില്‍ 85% പേരും എതിര്‍ക്കും എന്ന പ്രായോഗിക ബുദ്ധി മാത്രമാണ് ഇതിന് പിന്നില്‍...

പക്ഷെ എന്നെ അത്ഭുതപെടുത്തുന്നത് പുതു തലമുറയുടെയും പഴയ തലമുറയില്‍ പെട്ട ഭൂരിഭാഗം മനുഷ്യര്‍ക്കും എന്താണ് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്താണ് മുന്നണി രാഷ്ട്രീയം എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ല.. ട്വന്‍റി 20 സ്വതന്ത്ര ആശയം ഉള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്.. ആ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതല്ല. മറിച്ചു സ്വന്തം ആശയത്തില്‍ നിന്ന് കൊണ്ട് വികസനം നടപ്പിലാക്കാന്‍ മുന്നണിയില്‍ ഭാഗമാകും..

ഇനി എന്താണ് മുന്നണി

ഒറ്റയ്ക്ക് നിന്നാല്‍ അധികാരം ലഭിക്കില്ല എന്ന സാഹചര്യത്തില്‍ പല ആശയങ്ങള്‍ ഉള്ളവര്‍ ഒരു പൊതു ആശയത്തില്‍ എത്തിയ ശേഷം ഒരുമിച്ചു നിക്കും.. എൻഡിഎ കേരളത്തില്‍ മുന്നോട്ട് വച്ചത് ജനക്ഷേമവും, വികസനവുമാണ്.. മോദി വിരോധം എന്ന ഒറ്റ ആശയം ആണല്ലോ അല്ലെങ്കില്‍ നില നില്‍പ്പ് എന്ന ഒറ്റ ചിന്ത ആണല്ലോ ഇന്ത്യയില്‍ INDI മുന്നണി (A) ഉണ്ടാവാന്‍ കാരണം..

അല്ലാതെ ശിവസേനയും, സിപിഎം ഉം എല്ലാവരും ഒന്നിച്ചത് കോണ്‍ഗ്രസ് ആശയം നടപ്പിലാക്കാന്‍ അല്ലല്ലോ. വികസനം, ക്ഷേമ പദ്ധതികള്‍,സാമ്പത്തിക നയം എന്നീ കാര്യങ്ങളില്‍ ഒന്നിക്കുക.. മുന്നണി ആയി തുടരുമ്പോഴും ഓരോ പാര്‍ട്ടിക്കും അവരുടെ ആശയവും അഭിപ്രായവും ഉണ്ടായിരിക്കും..

സിപിഎമ്മിന്‍റെ നയങ്ങളെ എത്രയോ തവണ സിപിഐ വിമര്‍ശിച്ചിട്ടുണ്ട്.. കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ ലീഗ് നേതാക്കള്‍ വരുമോ..? ലീഗ് നേതാക്കളെ മുന്‍ കാലങ്ങളില്‍ സുധീരന്‍ ഉള്‍പ്പെടെ എത്രയോ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് ഇന്നത് പറ്റാതെ പോകുന്നത് വിമര്‍ശിച്ചിട്ട് നില നില്‍ക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ്..

ഭരണപരമായ നയങ്ങളില്‍ ചര്‍ച്ച നടത്തി പൊതു അഭിപ്രായത്തില്‍ എത്തും. അഖില്‍ മാരാര്‍ ചേര്‍ന്നത് മതേതര ബോധം ഉള്ള വികസന കാഴ്ചപാട് ഉള്ള കിഴക്കമ്പലം പഞ്ചായത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി മികച്ച ഭരണം സമ്മാനിച്ച, കേരളത്തിന്‍റെ അഭിമാനമായ,15000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ക്രൈസ്തവനായ സാബു ജേക്കബ് നയിക്കുന്ന ട്വന്‍റി 20യിലാണ്... ആ ബോധം ഇല്ലാത്തവന്മാര്‍ അവരുടെ വിവരക്കേട് വിളിച്ചു കൂവുമ്പോള്‍ തലച്ചോര്‍ നശിച്ച ജനതയോട് യഥാര്‍ഥ്യങ്ങള്‍ പറഞ്ഞു കൊടുക്കുക ഉത്തരവാദിത്തം ആയത് കൊണ്ട് എഴുതുന്നു എന്ന് മാത്രം..

ഇനി ട്വന്‍റി 20യെ കിഴക്കമ്പലത്ത് തോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ചു സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് നാട് നന്നാക്കാന്‍ അല്ലലോ... ഇടതനും വലതനും കട്ട് മുടിച്ചു കടം കയറി ഇല്ലാതാക്കിയ ഒരു പഞ്ചായത്തിനെ കോടികള്‍ ബാങ്ക് ബാലന്‍സ് ഉള്ള പഞ്ചായത്ത് ആക്കി മാറ്റിയത് സാബു ജേക്കബിന് നാടിനോടുള്ള പ്രതിബന്ധത കൊണ്ടാണ്. കാഴ്ച്ചപ്പാട് ഉള്ളത് കൊണ്ടും അഴിമതി ഇല്ലാതാക്കിയതും കൊണ്ടാണ്.. അപ്പോള്‍ ട്വന്‍റി 20യെ ഇല്ലാതാക്കാന്‍ ഒന്നിച്ച രാഷ്ട്രീയ നപുംസകങ്ങള്‍ ജനത്തെ ചതിച്ചവര്‍ ആണ്..

പ്രിയപ്പെട്ടവരെ നാട് വികസിക്കണം നല്ലത് ഇന്നാട്ടില്‍ നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ആണോ നിങ്ങള്‍.. ഈ കപട രാഷ്ട്രീയ കോമരങ്ങളുടെ ചെയ്തികള്‍ മനസ് മടുത്തവര്‍ ആണോ നിങ്ങള്‍..? ജാതി മത ഭേദമന്യേ നമുക്ക് ഒരുമിച്ചു നിക്കാം.. ട്വന്‍റി 20യുടെ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തി രാജ്യത്തിന്‍റെ വികസത്തിനായി മോദിജി മുന്നോട്ട് വയ്ക്കുന്ന വികസന ഭാരതത്തിനായി വികസനം എന്ന ലക്ഷ്യത്തെ നേടി എടുക്കാന്‍ നമുക്ക് ഒരുമിക്കാം..

Tags : Akhil Marar Twenty20 party independent

Recent News

Corehub Up