കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിയുടെ കോട്ടയാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി വിജയിച്ചു മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി ഐക്യമുന്നണിക്ക് കരുത്ത് പകര്‍ന്ന ജില്ല. സംസ്ഥാനമാകെയുണ്ടായ എല്‍ഡിഎഫ് തരംഗത്തിലും പതറാതെ പിടിച്ചു നില്ക്കാന് കോട്ടയത്തിനു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ രാഷ്ട്രീയ നിറം മാറി സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിനു മേല്‍കൈ കിട്ടി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെങ്കിലും പാർട്ടിയുടെ നേതാവ് ജോസ് കെ. മാണിയുടെ പാലായിലെ പരാജയം ഇടതുമുന്നണിക്കും കേരള കോണ്‍ഗ്രസിനും വിജയമധുരത്തിലെ കല്ലുകടിയായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പഴയ പ്രതാപം തിരിച്ചു പിടിച്ചു വലിയ തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
മൂന്നാം ഭരണം ആഗ്രഹിക്കുന്ന ഇടതുമുന്നണി കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുന്ന ബിജെപി മൂന്നിടങ്ങളിലും ശക്തമായ മത്സരമാണു കാഴ്ചവയ്ക്കുന്നത്.
ക്രൈസ്തവ സഭകളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലാണു ക്രൈസ്തവ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. മൂന്നിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ഇടതുമുന്നണിക്കാണോ ഐക്യമുന്നണിക്കാണോ ഗുണമാകുന്നതെന്ന് ഫലം വന്നാലേ പറയാന്‍ പറ്റുകയുള്ളൂ. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ വൈക്കം ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയും ഒരു കേന്ദ്രമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും ജില്ലയില്‍ ജനവിധി തേടുന്നുണ്ട്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് ജില്ലയിലെ പ്രധാന ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വികാരവും ജില്ലയില്‍ ശക്തമാണ്. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ടും ശബരിമല വിഷയത്തിലും എന്‍എസ്എസിന്റെ അനുകൂല നിലപാട് എല്‍ഡിഎഫിന് ആശ്വാസമാണ്. റബര്‍ വിലിയിടിവ്, നെല്‍കര്‍ഷകര്‍ക്ക് പണം കിട്ടാത്തത്, വന്യജീവി ആക്രമണം തുടങ്ങി കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും നിരവധിയാണ്. ക്രൈസ്തവ സഭകളുടെ നിലപാടുകളും വിജയത്തില്‍ നിര്‍ണായക ഘടകമാണ്.
കോട്ടയവും പുതുപ്പള്ളിയും
ജില്ലാ ആസ്ഥാനം കൂടിയായ കോട്ടയത്ത് സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ശക്തമായ മത്സരം ഇടുതുമുന്നണി നടത്തുന്നുണ്ടെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ഇടതുമുന്നണിക്കും അത്ര ഉറപ്പില്ല. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാര്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. ബിജെപി മത്സരിച്ചിരുന്ന ഇവിടെ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുമുന്നണിക്കായിട്ടില്ല. മണ്ഡലത്തില്‍ പരിചിതനായ അനില്‍കുമാറിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നേട്ടമാകുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്‍ഡിഎ വോട്ടുകളും ഇവിടെ നിര്‍ണായകമാണ്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പോടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. പുതുപ്പള്ളിയുടെ പാരമ്പര്യം തുടരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങിയത്. വലിയ വജയം സുനിശ്ചിതമാക്കിയരീതിയിലാണ് ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം. സ്ഥിരം നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ മാറ്റി ഒരു ഹൈന്ദവ സ്ഥാനാര്‍ഥിയെ നിര്‍ത്തി പുതിയ പരീക്ഷണം നോക്കുകയാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ സുപരിചിതനും സിപിഎമ്മിലെ സൗമ്യമുഖവുമാണ് ഇടതുസ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്. ഏറ്റവും അവസാനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപിക്ക് കാര്യമായ വോട്ടുവിഹിതം ഇവിടെയില്ല. ഇത്തവണ വോട്ടു വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പാലായും കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളും
ഇത്തവണ തീപാറുന്ന മത്സരമാണു പാലായില്‍ നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലായില്‍ തിരിച്ചുവരവിനൊരുങ്ങിക്കഴിഞ്ഞു ജോസ് കെ. മാണിയും എല്‍ഡിഎഫും. എന്നാല്‍ തുടര്‍ച്ച ഉറപ്പാണെന്നു പറഞ്ഞ് മുന്നേറുന്ന മാണി സി. കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ എല്ലാ നെഗറ്റീവ് അവസ്ഥകളും മാറിയെന്നത് ജോസ് കെ. മാണിക്ക് അനുകൂലമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന കാര്യം ഫലം വന്നാലെ പറയാന്‍ പറ്റുകയുള്ളൂ.
പൂഞ്ഞാര്‍ മണ്ഡലത്തിലും ശക്തമായ ത്രികോണമത്സരമാണുള്ളത്. കഴിഞ്ഞ തവണ സ്വതന്ത്ര നായി മത്സരിച്ച് രണ്ടാമതെത്തിയ പി.സി. ജോര്‍ജ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. സ്വന്തം വോട്ടും എന്‍ഡിഎ വോട്ടും ചേര്‍ന്നാല്‍ വിജയിക്കാമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. എന്നാൽ തന്റെ വാവിട്ട വാക്കുകൾ പി.സി. ജോർജിനുതന്നെ തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്. വിജയം ഉറപ്പിച്ചരിക്കുകയാണ് സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്‍ അവസാനഘട്ടിത്തിലാണെത്തിയതെങ്കിലും പ്രചാരണം ശക്തമാണ്. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കുകളുമുണ്ട്.
കേരള കോണ്‍ഗ്രസുകളുടെ പോരോട്ടം നടക്കുന്ന കടുത്തുരുത്തിയില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫിനു ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക വനിത സ്ഥാനാര്‍ഥികൂടിയായ നിര്‍മല ജിമ്മിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷമായപ്പോള്‍ ഇവിടെയും തീപാറും പോരാട്ടമാണ്. കേരള കോണ്‍ഗ്രസുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമായ ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ്. സിറ്റിംഗ് എംഎല്‍എ ജോബ് മൈക്കിളിനെതിരേ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിനു സാധിച്ചിട്ടുണ്ട്. ബിജെപിക്കും ഇവിടെ നിര്‍ണായക വോട്ടബാങ്കുണ്ട്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണു കാഞ്ഞിരപ്പളളി. സിറ്റിംഗ് എംഎല്‍എ ഡോ. എന്‍. ജയരാജിനു മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനവും വോട്ടുമുണ്ട്. ഇതു തെരഞ്ഞെടുപ്പില്‍ ഗുണകരമാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ഇത്തവണ പുറത്തു നിന്നെത്തിയ സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടു കുറയുമോ എന്ന ആശങ്ക എന്‍ഡിഎ ക്യാമ്പിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി പ്രചാരണരംഗത്ത് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ ആരെ തുണയ്ക്കും?
മന്ത്രി വി.എന്‍. വാസവന് രണ്ടാം മത്സരത്തിറങ്ങിയ ഏറ്റുമാനൂരില്‍ യുഡിഎഫില്‍ ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥിയായ ജോസഫ് വാഴയ്ക്കനെ മാറ്റി ഡിസിസി പ്രസിഡന്റ് കൂടിയായ നാട്ടകം സുരേഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയുള്ള വാസവനെതിരേ ശക്തമായ മത്സരം സൃഷ്ടക്കുന്ന കോണ്‍ഗ്രസും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. മുപ്പതിനായിരം വോട്ട് ബിജെപിക്ക് സ്വന്തമായുള്ള ഇവിടെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാണു മത്സരിക്കുന്നത്. ബിജെപി വോട്ടുകള്‍ ഇത്തവണ ഉറപ്പായും ചോരുമെന്നാണ് മണ്ഡലത്തില്‍നിന്നു കിട്ടുന്ന വിവരം. അതെങ്ങോട്ട് എന്നതിനെ ആശ്രയിച്ചിരിക്കും ജയപരജയങ്ങൾ.
സമുദായസമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന വൈക്കം
വോട്ടെണ്ണല്‍ ദിനം സിപിഐയുടെ അക്കൗണ്ടിലേക്ക് ആദ്യം എത്തുന്ന മണ്ഡലമാണു വൈക്കം. ഇത്തവണ വൈക്കത്ത് സിപിഐക്കും ഇടതുമുന്നണിക്കും അത്ര ഈസി വാക്കോവറല്ല. സിപിഐയുടെ മുന്‍ എംഎല്‍എ കൂടിയായ കെ. അജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വലിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഭൂരിപക്ഷം നേര്‍പകുതിയായി കുറച്ച കെ. ബിനിമോനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
സണ്ണി എം. കപിക്കാടിന് ആദ്യം സീറ്റു നല്‍കാമെന്നു പറഞ്ഞതിനുശേഷം ഒഴിവാക്കിയതില്‍ ദളിത് സംഘടകള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ട്. സിപിഐയില്‍നിന്ന് അടുത്ത നാളില്‍ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നതും സമുദായ സമവാക്യങ്ങള്‍ മാറിമറിഞ്ഞതും ഇടതു മുന്നണിക്ക് അനായാസ വിജയമാകില്ലെന്നുറപ്പാണ്.
സിപിഎമ്മും സിപിഐയും ചേര്‍ന്ന് എണ്ണയിട്ട യന്ത്രം പോലെയുള്ള താഴെ തട്ടിലെ പ്രവര്‍ത്തനം പി. കൃഷ്ണപിള്ളയുടെ നാടുകൂടിയായ വൈക്കം വീണ്ടും ചുവപ്പിക്കാനാണ് സാധ്യത.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍
കോട്ടയം
പുതുപ്പള്ളി
ഏറ്റുമാനൂര്‍
ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി,
പൂഞ്ഞാര്‍ പാലാ
കടുത്തുരുത്തി
വൈക്കം
Tags : UDF LDF NDA surprise victory Kerala Assembly Election Niyama Sabha Election Kottayam