പത്തനംതിട്ട: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. റാന്നി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പേരൂര്‍ച്ചാലില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സരം കടുപ്പമാണന്നാണ് കുറെ സര്‍വേകള്‍ പറയുന്നത്. എന്നാല്‍ ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. വിശ്വാസം സംരക്ഷിക്കുക തന്നെ ചെയ്യും.
പിണറായിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന എംഎല്‍എ ആയിരുന്നു പ്രമോദ് നാരായണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണകൊള്ള വിഷയത്തില്‍ റാന്നി എംഎല്‍എയുടെ നിലപാട് എന്തായിരുന്നുവെന്ന് എല്ലാര്ക്കും വ്യക്തമായതാണ്. സ്വര്‍ണം കട്ട സഖാക്കളെപ്പറ്റി ഒരക്ഷരം എംഎല്‍എ മിണ്ടിയില്ല.
സിപിഎം നേതാക്കളാണ് ജയിലിലായത്. അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുറ്റപത്രം പോലും നല്‍കിയിട്ടില്ല. ദുഃസ്വപ്നത്തില്‍ പോലും മൂന്നാം തവണ പിണറായി വരുന്നത് കാണാന്‍ കേരളീയര്‍ ഇഷ്ടപ്പെടുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Tags : UDF K.C. Venugopal Assembly Election