സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വാർത്താ സമ്മേളനത്തിനിടെ
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാർ ആർഎസ്എസിനോടുള്ള കൂറ് പരസ്യമായും രഹസ്യമായും പ്രഖ്യാപിക്കുകയാണെന്ന കടുത്ത ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ് വെറും ഒരു മാസം പിന്നിടുമ്പോഴേക്കും സംഘപരിവാറിന്റെ ദാസനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷൻ പദ്ധതിയും പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരാമർശിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിഎംവൈ പദ്ധതി സാധാരണ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്. എന്നിട്ടും ആർഎസ്എസിനെ പ്രീതിപ്പെടുത്താൻ എന്തിനാണ് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് മുന്നണിയിലെ നേതാക്കളും മന്ത്രിമാരും ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ആർഎസ്എസ് പ്രീണനത്തിനെതിരെയും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരുമെന്നും ഇടതുപക്ഷം ഇതിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : MV Govindan UDF Minister Latest News