ആലപ്പുഴ: പുന്നപ്രവയലാറിന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി. ജില്ലയില്‍ രണ്ടരപതിറ്റാണ്ടിനു ശേഷം യുഡിഎഫിന് ലഭിച്ചത് ഉജ്ജ്വലവിജയം. 2011ല്‍ മണ്ഡല പുനര്നിര്ണയശേഷം നിലംപരിശായ യുഡിഎഫിന് ഈ ഉജ്ജ്വല വിജയം ആവേശമായി.
2016ലും 2021ലും ഹരിപ്പാട് മാത്രം വിജയിച്ചിരുന്ന യുഡിഎഫ് കാലങ്ങളായി സിപിഎം കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍, കായംകുളം സീറ്റുകളും എന്‍സിപിയുടെ കുത്തകയായിരുന്ന കുട്ടനാടും തിരിച്ചുപിടിച്ചു. ജില്ലയില്‍നിന്നുള്ള മന്ത്രിമാരായിരുന്ന സജി ചെറിയാന് ചെങ്ങന്നൂരിലും പി. പ്രസാദ് ചേര്‍ത്തലയിലും വിജയിച്ചതും സിറ്റിംഗ് സീറ്റായ മാവേലിക്കര നിലനിര്‍ത്തിയതും മാത്രമാണ് ആശ്വാസം.
ജില്ലയിലെ ഇടതുമുന്നണിയിലെ മുഖ്യകക്ഷിയെന്നനിലയില് സിപിഎമ്മിനാണ് തോല്‍വി കനത്ത ആഘാതമുണ്ടാക്കിയത്. ഘടകകക്ഷികളില്‍ എന്‍സിപിക്ക് കുട്ടനാട് നഷ്ടമായപ്പോള്‍ 2011 മുതല്‍ കുത്തകയാക്കിയിരുന്ന അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം സീറ്റുകളുടെ നഷ്ടമാണ് സിപിഎമ്മില്‍ ആഘാതമുണ്ടാക്കിയത്.
മുന്‍മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരന് പാര്‍ട്ടി വിടുകയും അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തതും സിപിഎമ്മിനും ഇടതുമുന്നണിക്കും തീരാത്ത നാണക്കേടായി.
ജി. സുധാകരന് ഫാക്ടറിനു പുറമേ പത്തുവര്‍ഷത്തെ ഭരണവിരുദ്ധവികാരം കൂടിയാണ് ടേം വ്യവസ്ഥയില്‍ ഇളവ് ചെയ്ത് സിറ്റിംഗ് എംഎല്‍എമാരെ പരീക്ഷിച്ചിട്ടും ജില്ലയില്‍ സിപിഎമ്മിനും മുന്നണിക്കും രക്ഷയില്ലാതാക്കിയത്. മൂന്നു മണ്ഡലങ്ങളില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ചേര്ത്തലയൊഴികെ ചെങ്ങന്നൂരിലും മാവേലിക്കരയിലും ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവും നേതാക്കളിലും അണികളിലും ചര്‍ച്ചയായിട്ടുണ്ട്.
Tags : UDF Alappuzha Kerala Assembly election Kerala Niyamasabha Election