കൊച്ചി: സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദേഹം.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി ഇവർ കൊള്ളയടിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹാസമുയർത്തി. പിണറായി വിജയൻ എന്തുകൊണ്ടാണ് വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും സതീശൻ ചോദിച്ചു.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ല. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ഇനി ചോദ്യം ചെയേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശൻ വ്യക്തമാക്കി. ഇപ്പോഴത്തെ ദേവസ്വം മന്ത്രി വാസവന്റെയും കൂടി അറിവോടെയാണ് കൊള്ള നടന്നതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.