കണ്ണൂർ ചാലയിലെ തോട്ടിൽ വച്ച് കുറുനരിയെ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിക്കുന്നതിന്റെ ദൃശ്യം.
കണ്ണൂർ: അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നത്. കണ്ണൂർ ചാലയിലെ തോട്ടിൽ വച്ച് പിടികൂടിയ കുറുനരിയെ പെരുമ്പാമ്പ് വിഴുങ്ങാൻ ശ്രമിച്ചതാണ് ഒരേ സമയം കൗതുകവും ഭീതിയും ഉളവാക്കിയത്.
കഴിഞ്ഞ ദിവസം ചാല പാലത്തിന് സമീപമുള്ള തോട്ടിലായിരുന്നു സംഭവം. തോട്ടിൽ വെച്ച് കുറുനരിയെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പാലത്തിൽ കാഴ്ചക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ആളുകൾ തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനും രംഗത്തിറങ്ങേണ്ടി വന്നു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് പോലീസ് റോഡിലെ തിരക്ക് നിയന്ത്രിച്ചത്. ആളുകൾ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിൽക്കെ കുറുനരിയുടെ തല ഭാഗം പൂർണമായും പെരുമ്പാമ്പ് ഉള്ളിലാക്കിയിരുന്നു.
എന്നാൽ അതിന്റെ ബാക്കി ഉടൽ ഭാഗം വിഴുങ്ങാൻ പാമ്പിന് എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. കുറുനരിയുടെ കഴുത്തിന്റെ ഭാഗത്തായി ഒരു ഇരുമ്പ് കമ്പി തങ്ങിനിന്നതാണ് ഇരയെ പൂർണമായി ഉള്ളിലേക്ക് ഇറക്കാൻ തടസമായതെന്ന് കാഴ്ചക്കാർ പറയുന്നു.
ഏറെ നേരം പല രീതിയിൽ ശ്രമിച്ചിട്ടും വിഴുങ്ങാൻ സാധിക്കാതെ വന്നതോടെ ഒടുവിൽ പെരുമ്പാമ്പ് തോൽവി സമ്മതിക്കുകയായിരുന്നു. തുടർന്ന് കുറുനരിയെ പാതിവഴിയിൽ ഉപേക്ഷിച്ച് പാമ്പ് തോട്ടിലൂടെ നീന്തിപ്പോയി.
വന്യജീവി ലോകത്തെ ഈ കൗതുക ദൃശ്യം മൊബൈലിൽ പകർത്തി ആളുകൾ പങ്കുവെച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുന്നത്.
Tags : Video viral Kannur