തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും വിനോദും സുഹൃത്തുക്കളും പാർട്ടി അംഗത്വം സ്വീകരിച്ചു.
'ഊർജസ്വലനായ സിപിഎം പ്രവർത്തകനായിരുന്നു വിഷ്ണു. വിഷ്ണുവിന് വേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ പകുതി സിപിഎം അടിച്ച് മാറ്റി. പണം വക്കീലിന് കൊടുത്തു എന്നാണ് സിപിഎം പറയുന്നത്'.
'സർക്കാരാണ് വക്കീലിനെ വയ്ക്കേണ്ടത്. പാർട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നു. വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയപ്പോൾ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോൾ അദ്ദേഹത്തിന് ട്രിപ്പിൾ പ്രൊമോഷൻ നൽകിയിരിക്കുകയാണ്. വിഷ്ണുവിന്റെ സഹോദരൻ വിനോദിനെയും സഹപ്രവർത്തകരെയും കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.'- പ്രതിപക്ഷ നേതാവ് പറഞ്ഞു.
2008 ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് പാര്ട്ടി ഫണ്ട് സ്വരൂപിച്ചത്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചിരുന്നെന്ന് സഹോദരൻ വിനോദ് പറഞ്ഞു.
അഞ്ചു ലക്ഷം രൂപ അമ്മയുടെ പേരിൽ നൽകി. ബാക്കി അഞ്ചുലക്ഷം പാർട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിച്ചു. ഈ പണം രവീന്ദ്രൻ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ഇക്കാര്യം 15 വർഷം കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്.
പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയും പാർട്ടി അംഗമായി തരംതാഴ്ത്തുകയും ചെയ്തു. പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കി. ഇത് ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ലന്നായിരുന്നു വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞത്.