വടകരയുടെ മണ്ണില്‍ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. വീറും വാശിയും അത്രത്തോളമുണ്ട്. ടി.പി. ചന്ദ്രശേഖരന്റെ കനലണയാത്ത മണ്ണില്‍ ഇക്കുറിയും അങ്കത്തട്ടിലെത്തുന്ന സിറ്റിംഗ് എംഎല്‍എയും ടി.പിയുടെ സഹധര്‍മിണിയുമായ കെ.കെ. രമ പ്രചാരണതിരക്കിലാണ്. അട്ടിമറി വിജയം ലക്ഷ്യമാക്കി രമയോട് ഏറ്റുമുട്ടുന്നത് ആര്‍ജെഡിയുടെ കെ.എം. ഭാസ്കരന്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് നിയമസഭയിലെത്തിയ കെ.കെ. രമ ദീപികയോട് മനസ് തുറക്കുന്നു.
സ്ത്രീ സുരക്ഷയാണ് പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്? താങ്കള്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ എന്തു തോന്നുന്നു?
എന്ത് സ്ത്രീസുരക്ഷയാണ് ഇവിടെയുള്ളത്. എല്ലാ മേഖലയിലും സ്ത്രീകള്‍ വലിയ പ്രയാസവും പ്രതിസന്ധിയുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തില്‍ എന്തു നടപടിയാണുണ്ടാവുന്നത്. ഞാനൊക്കെ കൊടുത്ത പരാതിക്ക് കണക്കുണ്ടോ. 2016ലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ വടകരയില്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ എനിക്കെതിരേ വ്യാജ വീഡിയോ ഉണ്ടാക്കി നാട്ടിലാകെ മോശമായി പ്രചരിപ്പിച്ചു.
കേസ് കൊടുത്തപ്പോള്‍ വീഡിയോയുടെ ഫൂട്ടേജ് ഇല്ലെന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് ചെയ്തത്. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് എന്നെ അപമാനിച്ചത്. അത് ഇപ്പോഴും തുടരുകയാണ്. ഇതൊക്കെ മാറ്റേണ്ടതല്ലേ. ഒരു സ്ത്രീയെയും അപമാനിക്കരുത്. നിങ്ങള്‍ക്ക് രാഷ്ട്രീയം പറയാം. രാഷ്ട്രീയം പറഞ്ഞ് നേരിടാം. വികസനത്തിന്റെ കാര്യം പറയാം. അതിനപ്പുറം വ്യക്തിഹത്യ നടത്തി രാഷ്ട്രീയം കൊണ്ടുപോകുന്നത് എന്തിനാണ്. ഇത് ഫാസിസമാണ്.
ഇത്തവണ യുഡിഎഫ് അധികാരത്തിലെത്തേണ്ടതിന്റെ പ്രധാന ആവശ്യകത എന്താണെന്നാണ് താങ്കള്‍ കരുതുന്നത്? എല്‍ഡിഎഫിന്റെ തുടർഭരണം അപകടകരമാകുമോ?
കേരളത്തിലാകെ യുഡിഎഫ് തരംഗം തന്നെയാണുള്ളത്. ഏത് മണ്ഡലത്തിലും അത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയാണ്. പത്ത് വര്‍ഷത്തെ ഇടതു ഭരണം ആളുകളെ വെറുപ്പിക്കുകയും മടുപ്പിക്കുകയും ചെയ്തിരിക്കുന്നു. ഏത് മേഖലയിലും ഇത് കാണാം. ഒന്നാം റാങ്ക് ലഭിച്ചവര്‍ക്കു പോലും ജോലി കിട്ടാത്ത സാഹചര്യമാണിവിടെ. തൊഴില്‍ തേടി യുവാക്കള്‍ അന്യനാടുകളിലേക്ക് പോവുകയാണ്. വലിയ സ്തംഭനമാണ് തൊഴില്‍മേഖല നേരിടുന്നത്. വലിയ തോതിലുള്ള ജനരോഷം ഈ സര്‍ക്കാരിനെതിരെയുണ്ട്. അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യുഡിഎഫ് വലിയ മേല്ക്കൈയോടു കൂടി തിരിച്ചുവരും.
ഇന്ദിരാ ഗാരന്റി വോട്ടായി മാറുമോ?
തീര്‍ച്ചയായും. ഇന്ദിരാ ഗാരന്റി ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അതില്‍ സുപ്രധാന കാര്യം ആരോഗ്യരംഗമാണ്. കേരളത്തില്‍ ഏറ്റവും കുത്തഴിഞ്ഞു കിടക്കുന്നത് ആരോഗ്യ മേഖലയാണ്. ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായ സൗകര്യമേയുളളൂ. ഇന്ദിരാ ഗാരന്റിയില്‍ 25 ലക്ഷം രൂപയുടെ ഇൻഷ്വറന്‍സ് കൊടുക്കുമെന്നത് ആശ്വാസകരമാണ്. ജോലി സമ്മര്‍ദമാണ് ഡോക്ടര്‍മാര്‍ നേരിടുന്നത്. പഠിക്കുന്നവര്‍ക്ക് ആയിരം കൊടുക്കുമെന്ന് പറയുന്നത് ആശ്വാസമാണ്. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പുവരുത്തുമെന്ന് പറയുന്നത് പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്.
കക്ഷി ഭേദമെന്യേ രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളോടുളള സമീപനത്തില്‍, മനോഭാവത്തില്‍ കാതലായ മാറ്റം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണമെന്നു കരുതുന്നുണ്ടോ?
രാഷ്ട്രീയ രംഗത്ത് മാത്രമല്ല പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതുസ്ത്രീയാലും അവരോടുള്ള സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമാണ്. മോശമായ പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.
ടി.പി. ചന്ദ്രശേഖരന്റെ സ്മരണയെ സിപിഎം ഇപ്പോഴും ഭയക്കുകയാണോ?
സിപിഎം ടി.പി. ചന്ദ്രശേഖരനെ ഭയക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. 2008ല്‍ ഒഞ്ചിയത്ത് രാഷ്ട്രീയപാര്ട്ടിയുണ്ടാക്കിയപ്പോള് ഞങ്ങള്‍ കുലംകുത്തിയായി. ഇപ്പോള്‍ കുലംകുത്തികളുടെ പ്രവാഹമാണ്. ടി.പി ആണ്, ഒഞ്ചിയം ആണ് വിമത ശബ്ദക്കാര്ക്ക് ധൈര്യം കൊടുത്തത്. ചന്ദ്രശേഖരന്റെ അനുഭവമുണ്ടാകുമെന്ന പേടിയുണ്ടായിരുന്നു. ഇന്ന് ആ സംഭവത്തിനുശേഷം സിപിഎമ്മിന് വല്ലാത്ത ഭയമാണ്. ആളുകള്‍ പുറത്തുപോകുമെന്ന് ഭയം സിപിഎമ്മിനുണ്ട്. ടി.പി ഒരു ഭയമായി തന്നെ സിപിഎമ്മിനകത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഭാവിയില്‍ ആര്‍എംപിഐക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം യുഡിഎഫിനോട് ഉന്നയിക്കുമോ?
അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. എങ്കിലും ആര്‍എംപിഐക്ക് ഗുണകരമാകുന്ന സമീപനം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വടകരയിലെ പോരാട്ടം എതു നിലയിലെത്തി? വിജയ പ്രതീക്ഷകള്‍?
മികച്ച ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് തന്നെയാണ് പറയാനുള്ളത്. ഇക്കാര്യത്തില്‍ നല്ല ആത്മവിശ്വാസമുണ്ട്. അത്തരത്തിലുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ പ്രദേശത്തുനിന്നും ലഭിക്കുന്നത്.
Tags : women's safety What kind K.K. Rama exposes Kerala Assembly Election Niyama Sabha Election