കെ.എം. ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: സിറാജ് പത്രം ബ്യൂറോ ചീഫ് കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടത്തിന് തൊട്ടുപിന്നാലെ കണ്ടപ്പോൾ ശ്രീറാമിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി അഞ്ചാം സാക്ഷിയും പിഡബ്ല്യുഡി ഓഫീസ് വാച്ച്മാനുമായ മിഥുൻ തോമസ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
അപകടസമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നും മിഥുൻ വ്യക്തമാക്കി. സംഭവസമയത്ത് വലിയ ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ കാർ ബൈക്കിലിടിച്ച് കിടക്കുന്നത് കണ്ടതായും, വാഹനം ഓടിച്ചിരുന്നത് ശ്രീറാമാണെന്ന് നാട്ടുകാരും പോലീസും പറയുന്നത് കേട്ടതായും നാലാം സാക്ഷിയായ അനിൽകുമാറും നേരത്തെ മൊഴി നൽകിയിരുന്നു. സാക്ഷി പ്രതിയെ കോടതിയിൽ വച്ച് തിരിച്ചറിയുകയും ചെയ്തു.
അതേസമയം, കേസിൽ പ്രതിക്ക് അനുകൂലമായി നിർണായക ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ ഷഫീഖ് വിചാരണവേളയിൽ കൂറുമാറി. അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിക്കുന്നത് കണ്ടെന്നും താടിവെച്ച ശ്രീറാമാണ് വാഹനമോടിച്ചതെന്നും പോലീസിനും മജിസ്ട്രേറ്റിനും രഹസ്യമൊഴി നൽകിയിരുന്ന ഷഫീഖാണ് കോടതിയിൽ നിലപാട് തിരുത്തിയത്. 2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെടുന്നത്.
Tags : Venkitaraman KMBasheer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash