രാജ്യത്ത് ഒരു വർഷം എത്രമാത്രം സമ്പത്ത് ഉണ്ടായി? അരിയും പയറും ഉപ്പും മുളകും കാറും റോക്കറ്റും കളിപ്പാട്ടങ്ങളും അടക്കം എത്രമാത്രം സാധനങ്ങൾ ഉണ്ടാക്കി? ഡോക്ടർമാരും നഴ്സുമാരും അധ്യാപകരും പോലീസുകാരും സർക്കാർ-സ്വകാര്യ ഉദ്യോഗസ്ഥരും കലാകായിക പ്രതിഭകളും പൊതു പ്രവർത്തകരും കൂടി എത്ര സേവനം ചെയ്തു? ഈ സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം മൂല്യമാണ് ജിഡിപി.
ഇത് കൃത്യമായി കണക്കാക്കിയാൽ രാജ്യത്തിന്റെ വളർച്ചയ്ക്കു കൃത്യമായ പദ്ധതികൾ തയാറാക്കാൻ പറ്റും. പ്ലാനിംഗ് കമ്മീഷൻ ഇല്ലെങ്കിലും വികസനത്തിനും പോരായ്മകൾ പരിഹരിക്കാനും വേണ്ട പരിപാടികൾ സർക്കാരും സ്വകാര്യ മേഖലയുമൊക്കെ ഈ കണക്ക് ഉപയോഗിച്ചു തയാറാക്കും. രാജ്യത്ത് ഉണ്ടാകുന്ന സമ്പത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതു വഴി എത്ര നികുതിവരുമാനം കിട്ടുമെന്ന് അറിയാനാകും. ജനങ്ങളുടെ ജീവിതനിലവാരം കൂടുന്നതും കുറയുന്നതും മനസിലാക്കാം. ഈ കണക്കുകൾ ലോകരാജ്യങ്ങൾക്കിടയിലെ നമ്മുടെ സ്ഥാനം നിർണയിക്കാനും സഹായിക്കുന്നു. ഈ കണക്കെടുപ്പു രീതിയിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തിയത് ഇന്നലെ പുറത്തുവിട്ടു. അതനുസരിച്ചു 2025-26ലെയും മൂന്നാം പാദത്തിലെയും വളർച്ച നിഗമനവും തിരുത്തി.
മൂന്നു മാറ്റങ്ങൾ
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) ജിഡിപി കണക്കാക്കുന്ന രീതിയിൽ മൗലികമായ മാറ്റമൊന്നും ഇപ്പോൾ വരുത്തിയിട്ടില്ല. മാറ്റിയതു മൂന്നു കാര്യങ്ങളാണ്.
ഒന്ന്: അടിസ്ഥാനവർഷം മാറ്റി. 2011-12നു പകരം 2022-23 അടിസ്ഥാന വർഷമാക്കി. ഇനി അഞ്ചു വർഷം കൂടുമ്പോൾ അടിസ്ഥാനവർഷം മാറ്റണം എന്നാണു തീരുമാനം. അതു കണക്കുകളെ കൂടുതൽ കാലികമാക്കും.
രണ്ട്: ഡാറ്റാ ശേഖരണം കൂടുതൽ വിപുലമാക്കി. 180 ഇനങ്ങൾക്കു പകരം 600 ഇനങ്ങളുടെ വിവരങ്ങൾ പെടുത്തിയാണ് ഇനി ജിഡിപി കണക്ക് തയാറാക്കുക. ഇതുവഴി കണക്കിനു കൂടുതൽ ആഴവും പരപ്പും ലഭിക്കും. കൂടുതൽ വിപുലമായ വാർഷിക സർവേകൾ നടത്തി വിവരങ്ങൾ ശേഖരിക്കും. നാലും അഞ്ചും കൊല്ലം ഇടവിട്ടു നടത്തുന്ന സർവേകൾ വച്ച് ഇടയ്ക്കുള്ള വർഷങ്ങളിലെ കണക്കുകൾ ഊഹിച്ചെടുക്കുന്ന രീതി മാറ്റും.
ഇനി ഇരട്ടക്കുത്ത്
മൂന്ന്: വിലക്കയറ്റത്തിന്റെ ഫലമായി കണക്കിൽ വരുന്ന ‘വീർക്കൽ’ (inflation) നീക്കാൻ ‘ഇരട്ടക്കുത്ത്’ (Double deflation) ഏർപ്പെടുത്തി. ഉത്പന്നത്തിലെ വിലക്കയറ്റത്തിന്റെ പ്രഭാവം ചില്ലറവിലസൂചിക ഉപയോഗിച്ചു കുറയ്ക്കും. ഒപ്പം അതു നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പ്രഭാവം മൊത്തവില സൂചിക ഉപയോഗിച്ചു കുറയ്ക്കും. നേരത്തേ ഉത്പന്ന വിലയിൽ ഒരു സങ്കരവിലസൂചിക ഉപയോഗിച്ചാണു കുറയ്ക്കൽ നടത്തിയിരുന്നത്. ആ ഒറ്റക്കുത്തു കൊണ്ടു വിലക്കയറ്റത്തിന്റെ പ്രഭാവം വേണ്ടത്ര കുറയുന്നില്ല എന്നാണു മറ്റു രാജ്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ഇന്ത്യയും അത് അംഗീകരിച്ചിരിക്കുന്നു.
ഐഎംഎഫ് തരംതാഴ്ത്തി
ഈ തരം മാറ്റങ്ങൾ മുൻപും ഓരോ ദശകത്തിൽ നടത്തിയിരുന്നു. ഇത്തവണ വന്ന ഒരു കാര്യം ഇന്ത്യയുടെ ദേശീയ കണക്കെഴുത്തു സംബന്ധിച്ച് ഐഎംഎഫും മറ്റും അതൃപ്തി പരസ്യമാക്കുന്നതു വരെ മാറ്റം നീണ്ടു പോയതാണ്. നമ്മുടെ കണക്കുകൾക്ക് ഐഎംഎഫ് കഴിഞ്ഞ വർഷം സി ഗ്രേഡ് ആണു നൽകിയത്. എ മുതൽ ഡി വരെ ഉള്ളതിൽ മൂന്നാം സ്ഥാനം. കണക്കു ശേഖരണം വേണ്ടത്ര ശാസ്ത്രീയമോ സ്റ്റാറ്റിസ്റ്റിക്കൽ അപാകതകൾ ഒഴിവാക്കിയതോ അല്ലെന്നും അടിസ്ഥാനവർഷം വളരെ ദൂരെയാണെന്നുമാണു നാണ്യനിധി കുറ്റപ്പെടുത്തിയത്. അഞ്ചു വർഷം വീതം അടിസ്ഥാന വർഷം മാറ്റണം എന്നു നാണ്യനിധി പറയുന്നു. ഇപ്പോഴത്തെ മാറ്റത്തോടെ നാണ്യനിധിയുടെ വിമർശനങ്ങൾക്കു പരിഹാരമായി എന്നു കരുതാം. ഇന്ത്യയുടെ കണക്കുകൾക്കു വീണ്ടും സ്വീകാര്യത ലഭിക്കുമെന്നും വിശ്വസിക്കാം.
അന്നു മാറ്റിയപ്പോൾ
കഴിഞ്ഞതവണ അടിസ്ഥാന വർഷം മാറ്റിയതിനെപ്പറ്റി ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. ഡോ. മൻമോഹൻ സിംഗിന്റെ കാലത്തെ സാമ്പത്തികവളർച്ചയുടെ കണക്ക് താഴ്ത്തിക്കെട്ടാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അതെന്നാണ് ആക്ഷേപം. സിംഗിന്റെ കാലത്ത് തുടർച്ചയായ മൂന്നു വർഷം രാജ്യം ഒൻപതു ശതമാനത്തിലധികം വളർന്നു. ഒരു വർഷം 10.3 ശതമാനവും. 2004-05 അടിസ്ഥാന വർഷം ആക്കിയുള്ള കണക്കിലാണിത്.
പിന്നീടു മോദി സർക്കാർ 2011-12 അടിസ്ഥാനവർഷം ആക്കി കണക്ക് പുതുക്കിയപ്പോൾ ഈ വളർച്ചത്തോത് ഗണ്യമായി കുറഞ്ഞു. അത്രയും കുറവ് വരുത്തിയതിൽ പലരും രാഷ്ട്രീയം കണ്ടു. പുതിയ കണക്ക് അവതരിപ്പിച്ചപ്പോൾ സ്റ്റാറ്റിസ്റ്റീഷ്യന്മാർ ഉപയോഗിക്കുന്ന പല അടിസ്ഥാന വിവരങ്ങളും മാസങ്ങളോളം മറച്ചുവച്ചത് അടക്കം സംശയകരമായ പല കാര്യങ്ങളും ഉണ്ടായി. അതുകൊണ്ടുതന്നെ കണക്കുകൾ തുടക്കം മുതലേ സംശയത്തിലായി.
പത്തുവർഷം കൊണ്ട് ഡോളർ കണക്കിൽ രണ്ടര മടങ്ങു (0.72 ലക്ഷം കോടിയിൽനിന്ന് 1.88 ലക്ഷം കോടിയിലേക്ക്) വളർച്ച ഉണ്ടായതിനെ വിലകുറച്ചു കാണിക്കാനാണു ശ്രമിച്ചതെന്നു വിമർശകർ കരുതുന്നു. രൂപാ കണക്കിൽ 32.40 ലക്ഷം കോടിയിൽനിന്ന് 113.56 ലക്ഷം കോടിയിലേക്കായിരുന്നു വർധന. 250 ശതമാനം കുതിപ്പ്.
ഇതിനു മറ്റൊരു താരതമ്യംകൂടി ഉണ്ട്. 2013-14ൽ 113.56 ലക്ഷം കോടി രൂപയിൽ എത്തിയ ജിഡിപി 2024-25ൽ 188 ലക്ഷം കോടിയിലേ എത്തിയുള്ളൂ. 11 വർഷം കൊണ്ട് വളർന്നത് 66 ശതമാനം.
ഇത്തവണ പഴയതു മോശമായിരുന്നു എന്നു കാണിക്കാൻ ആർക്കും ആഗ്രഹം ഉണ്ടാകാൻ ഇടയില്ല. അത്രയും നല്ലത്.
ജിഡിപി (Gross Domestic Product) എന്നാൽ നിശ്ചിത കാലയളവിൽ രാജ്യത്തു മൊത്തം ഉണ്ടാക്കുന്ന ഉത്പന്നങ്ങളുടെയും നടത്തുന്ന സേവനങ്ങളുടെയും വില. ഇതു രണ്ടു തരത്തിൽ കണക്കാക്കുന്നു. നിലവിലെ (നടപ്പ്) വിലയിലും (Nominal or Current) സ്ഥിര (Constant) വിലയിലും. നിലവിലെ വിലയിൽനിന്നു വിലക്കയറ്റം കുറച്ചു സ്ഥിരവിലയിലെ ജിഡിപി കണക്കാക്കുന്നു. സ്ഥിരവിലയിലെ വളർച്ച രാജ്യത്തെ യഥാർഥ സാമ്പത്തിക വളർച്ചയായി പരിഗണിക്കുന്നു.
ജിഡിപി കണക്കാക്കാൻ മൂന്നു വഴികൾ
ഒന്ന്. ഉത്പാദനം: രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ എല്ലാ ഘട്ടത്തിലെയും മൂല്യവർധനയുടെ ആകെത്തുക. രണ്ട്. ചെലവ്: വ്യക്തികളും കുടുംബങ്ങളും ബിസിനസുകളും സർക്കാരും ചെലവാക്കുന്ന തുകയും അറ്റകയറ്റുമതി (കയറ്റുമതിയിൽനിന്ന് ഇറക്കുമതി കുറച്ചശേഷമള്ളത്) വിലയും കണക്കുകൂട്ടി കിട്ടുന്നത്. മൂന്ന്. വരുമാനം: പൗരസമൂഹത്തിനു കിട്ടുന്ന വേതനം, പാട്ടം, വാടക, പലിശ, ലാഭം എന്നിവയുടെ ആകെത്തുക.
ആളോഹരി (Per capita) ജിഡിപി: രാജ്യത്തെ ഒരു വർഷത്തെ ജിഡിപിയെ ജനസംഖ്യ കൊണ്ടു ഹരിച്ചു കിട്ടുന്നത്.
അടിസ്ഥാന വർഷം (Base year): ഏതു വർഷം അടിസ്ഥാനമാക്കി ജിഡിപി തുകയും അതിലെ മാറ്റവും നിർണയിക്കുന്നു എന്നു കാണിക്കുന്നു. 2011-12ൽനിന്ന് 2022-23ലേക്ക് അടിസ്ഥാന വർഷം മാറ്റിയതാണ് ഇന്നലെ സംഭവിച്ചത്.
Tags : GDP calculations new face