വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. അനാവശ്യ ഭീതി ഒഴിവാക്കി കാര്യങ്ങൾ പക്വമായി നേരിടുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതും അവർക്ക് ശുഭപ്രതീക്ഷ നൽകുന്നതുമായ വിവിധ പദ്ധതികൾക്കാണ് ഗൾഫ് രാജ്യങ്ങൾ രൂപം കൊടുത്തിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏതു വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്ന ഇവിടുത്തെ ഭരണാധികാരികളുടെ വാക്കുകൾ പ്രവാസികൾക്ക് വലിയ ആത്മവിശ്വാസമാണു നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ കരുതൽ ശേഖരം ഉറപ്പാക്കിയും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകിയും ഭരണകൂടം ഒപ്പമുണ്ട്.ഈ പ്രയാസങ്ങൾക്കിടയിലും അതിജീവനത്തിന്റെ പുതിയ പാതകൾ തേടുകയാണ് പ്രവാസലോകം.
വീസ കാലാവധി നീട്ടി
ഗൾഫിലെ മിക്ക രാജ്യങ്ങളിലും എല്ലാത്തരം വിസിറ്റ് എൻട്രി വീസകളുടെയും, രാജ്യങ്ങൾക്ക് പുറത്തുകഴിയുന്നവരുടെയും വീസ കാലാവധി ദീർഘിപ്പിച്ചുകഴിഞ്ഞു. മേഖലയിലെ സംഘർഷങ്ങളും അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്താണ് നടപടി. സന്ദർശനവീസയിൽ രാജ്യങ്ങളിലേക്ക് എത്തി വീസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും രാജ്യങ്ങൾക്കു പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ദീർഘിപ്പിച്ചു നൽകിയത്.
ഫെബ്രുവരി 28 മുതലാണ് കാലാവധി കണക്കാക്കുക. വീസ കാലാവധി ദീർഘിപ്പിക്കുന്നതിനായി റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിക്കുകയോ പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല. ഇലക്ട്രോണിക് സിസ്റ്റം വഴി ഈ വിപുലീകരണം സ്വയമേവ അപ്ഡേറ്റാകുമെന്ന് ആഭ്യന്തര മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ നിശ്ചിത ഫീസുകളിൽനിന്നും പിഴകളിൽനിന്നും പൂർണമായ ഇളവുകളും ലഭിക്കും.
രാജ്യങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് സൂചിപ്പിച്ച കാലയളവുകൾ നീട്ടാമെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ മന്ത്രാലയങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരാനും അഭ്യർഥിച്ചു. ഈ തീരുമാനം രാജ്യങ്ങൾക്കു വെളിയിലുള്ള പ്രവാസികൾക്കും സന്ദർശക വീസയിൽ വന്നവർക്കും ഏറെ ആശ്വാസകരമാണ്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക
ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന നിയമവിരുദ്ധമായ സംഭവങ്ങൾ ചിത്രീകരിക്കൽ, വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കൽ, പൊതുജനങ്ങളുടെ ഇടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കൽ, പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ഭയം പരത്തൽ, തീവ്രവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ വ്യക്തിഗത അക്കൗണ്ടുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടെത്തിയാൽ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ നടപടിയെടുക്കും.
ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടി തുടരുമെന്ന് വിവിധ രാജ്യങ്ങളുടെ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജോലിസ്ഥലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യങ്ങളെ ലക്ഷ്യമിടുന്ന മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുകയോ പങ്കിടുകയോ ചെയ്താൽ നടപടിയെടുക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കാത്ത ഫോട്ടോയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കാൻ അർഹതയുള്ളത് ഔദ്യോഗിക ചാനലുകൾ പുറത്തുവിടും.
ഔദ്യോഗിക സ്രോതസുകളിൽനിന്നു മാത്രം വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാത്ത വാർത്തകളും ക്ലിപ്പുകളും പങ്കിടുന്നത് ഒഴിവാക്കാനും ദേശീയ താത്പര്യത്തിനു മുൻഗണന നൽകാനും നിർദേശങ്ങൾ പൂർണമായി പാലിക്കാനും മന്ത്രാലയങ്ങൾ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചിട്ടുണ്ട്. സർക്കാരുകളുടെ ഇത്തരം നടപടികൾ പ്രവാസികളുടെ ആശങ്ക ദൂരീകരിക്കുന്നതിന് ഇടയാക്കും.
തിരികെയെത്താൻ വിമാന സർവീസ്
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കായി പ്രത്യേക സർവീസുകൾ ആരംഭിച്ചതോടെ കുടുംബസമേതം ഗൾഫ് നാടുകളിലേക്ക് മടങ്ങിയെത്തുന്നവരുടെ തിരക്കാണ് വിമാനത്താവളങ്ങളിൽ. ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഊഴത്തിനായി കാത്തിരിക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് ഇനിയുള്ള ദിവസങ്ങൾ പ്രതീക്ഷയുടേതാണ്. ഗൾഫ് രാജ്യങ്ങൾക്കുമേൽ ഇറാൻ ആക്രമണം നടത്തുമ്പോൾ ഗൾഫിൽ ലഭിക്കുന്ന അവസരങ്ങളും അതിനൊപ്പം ലഭിക്കുന്ന സുരക്ഷയും തിരികെ വരാനുള്ള പ്രേരണയാകുന്നു എന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു. ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും അനുഭവപ്പെടുന്ന ‘ഭയമില്ലാത്ത ജീവിതം’ തന്നെയാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൾഫ് നാടുകളുടെ ഏറ്റവും വലിയ ആകർഷണം. പാതിരാത്രിയിൽ പോലും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്ന, സ്ത്രീകൾക്ക് വലിയ പരിഗണനയും സുരക്ഷിതത്വവും നൽകുന്ന ഒരു സമൂഹമാണ് ഗൾഫിലേത്. മറ്റു പല പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ള സുരക്ഷാ സംവിധാനങ്ങൾ യുവതികളിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയാണ്. അനാവശ്യമായ തർക്കങ്ങളോ അതിക്രമങ്ങളോ ഇല്ലാത്ത, നിയമവാഴ്ച ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന സമാധാനം വളരെ വലുതാണ്.
ഗൾഫും പ്രവാസികളും അതിജീവിക്കും
ലോകത്തെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഗൾഫിലെ സാമ്പത്തിക മേഖല താരതമ്യേന സുസ്ഥിരമാണ്. തൊഴിൽ ലഭ്യതയും വരുമാനവും മുടങ്ങാതെ ലഭിക്കുമെന്ന വിശ്വാസം ഇവിടുത്തെ ജീവിതത്തിന് അടിത്തറയേകുന്നു. ചുരുക്കത്തിൽ, അനിശ്ചിതത്വങ്ങൾക്കിടയിലും ‘സുരക്ഷിതമായ ഒരിടം’ എന്ന യുഎഇയുടെ പ്രതിച്ഛായയാണ് പ്രവാസികളെ ഇന്നും ഇവിടെ ചേർത്തുനിർത്തുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയെയും രാജ്യങ്ങൾ മറികടക്കുമെന്ന് ഓരോ പ്രവാസിയും ഉറച്ചുവിശ്വസിക്കുന്നു.
ഒപ്പമുണ്ട്, ഭരണാധികാരികൾ
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തുന്ന ഭരണാധികാരികൾ നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. അധികാരികൾ പരസ്യമായി ഇഫ്താറിൽ പങ്കെടുത്തതും ജനങ്ങളിൽ വലിയ സുരക്ഷിതബോധമാണ് പകർന്നു നൽകുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത് ‘സോഷ്യൽ ഡിലെമ്മ’ (സമൂഹിക സമ്മർദം) പോലുള്ള ഭീതിയിൽനിന്ന് അകറ്റാൻ ജനങ്ങളെ സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനും പരീക്ഷകൾക്കും ആശങ്ക വേണ്ട
പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ അനിശ്ചിതത്വം വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക സമ്മർദം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഏതായാലും അവരുടെ മാനസികാവസ്ഥ പരിഗണിച്ചുള്ള തീരുമാനം മാത്രമേ സിബിഎസ്ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്.
(കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ നഴ്സാണ് ലേഖകൻ).
ഓരോ രാജ്യത്തും അവരവരുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പിക്കാൻ എംബസികൾ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകളും ലഭ്യമാണ്.
• ഔദ്യോഗിക സുരക്ഷാ അധികാരികളുടെ നിർദേശങ്ങൾ പാലിക്കുക.
• സ്ഥിരീകരിച്ച ഉറവിടങ്ങളിൽനിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക, സോഷ്യൽ മീഡിയയിലോ മറ്റ് ചാനലുകളിലോ കിംവദന്തികൾ, തെറ്റായ വാർത്തകൾ സ്ഥിരീകരിക്കാത്ത വിവരങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക. ഇത്തരം പ്രവൃത്തികൾ പൊതു സ്ഥിരതയ്ക്ക് ഭീഷണിയാകും.
• അനാവശ്യ കൂടിച്ചേരലുകളും പൊതുപരിപാടികളും ഒഴിവാക്കുക.
• പ്രവാസി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഈ ഘട്ടത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കാനുണ്ട്. ഒറ്റപ്പെട്ടു പോകുന്നവരെ സഹായിക്കാനും മാനസിക പിന്തുണ നല്‍കാനും ഇത്തരം ഗ്രൂപ്പുകള്‍ മുന്നിട്ടിറങ്ങണം. കൗണ്‍സലിംഗ് സേവനങ്ങളും നിയമസഹായവും ലഭ്യമാക്കാന്‍ സംഘടനകള്‍ ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെല്പ് ഡെസ്ക് നമ്പറുകളായ +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍നിന്ന്) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇന്ത്യന്‍ പൗരന്മാര് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.
Tags : unnecessary Fear Avoid West Asian Conflict Middle East war