വിവാദമായ വാഹനാപകടക്കേസില്‍ നടന് മണിയന്‍പിള്ള രാജുവിനു ക്ലീന്‍ ചിറ്റ്. അപകട സമയത്ത് മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.
അപകടം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തു വന്നത്. ഇതിനു പിന്നാലെ മദ്യപിച്ചു വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മണിയന്‍പിള്ള രാജു പ്രതികരിച്ചു. അപകടം നടന്ന സമയത്ത് വാഹനം നിര്‍ത്താതെ പോയത് തെറ്റാണ്. പക്ഷേ അത് പേടികൊണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിനു സമീപത്തു വച്ച് മണിയന്‍പിള്ള രാജു ഓടിച്ചിരുന്ന കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റത്.
അപകടത്തിനു പിന്നാലെ മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയതും പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകിയതും വിവാദമായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേന്ന് രാവിലെ മണിയന്‍പിള്ള രാജു പോലീസ് സ്റ്റേഷനിലെത്തുകയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അറസ്റ്റിനു പിന്നാലെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അമിതവേഗത്തിലായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. പക്ഷേ മദ്യപിച്ച് വാഹനമോടിച്ചതാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം അതു നിഷേധിച്ചിരുന്നു.
പക്ഷേ രക്തസാംപിള്‍ കെമിക്കല്‍ ലാബിലയച്ച് പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Tags : car accident ManiyanPillai Raju