തന്റെ കരിയറിലെ നിർണായകമായ പല ഘട്ടങ്ങളിലും ആന്റോ ജോസഫ് നൽകിയ പിന്തുണയെക്കുറിച്ച് തുറന്നെഴുതി നടൻ ഉണ്ണി മുകുന്ദൻ.
ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള അഭ്യർഥന മാനിച്ചുകൊണ്ട് മാർക്കോ എന്ന വലിയൊരു സിനിമയുടെ അവകാശം വിട്ടുനൽകിയ ആന്റെ ജോസഫിന്റെ നിലപാടാണ് കുറിപ്പിലെ പ്രധാന ആകർഷണം.
തന്റെ കരിയറിലെ നിർണായകമായ പല ഘട്ടങ്ങളിലും ആന്റോ ജോസഫ് നൽകിയ പിന്തുണയെക്കുറിച്ച് ഉണ്ണി മുകുന്ദൻ കുറിപ്പിൽ പറയുന്നുണ്ട്.
''എന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ എന്നും നെഞ്ചിലേറ്റിയ സ്വപ്നങ്ങളിലേക്ക് വഴിതുറന്ന സിനിമകളായിരുന്നു അവ.
സിനിമയ്ക്കായി തന്റെ സർവവും വീണ്ടും നിക്ഷേപിക്കുന്ന ആന്റോ ചേട്ടന് എല്ലാ നന്മകളും നേരുന്നു. സിനിമയിലെ സുഹൃത്തുക്കളിൽ നിന്നും കേട്ടറിഞ്ഞത് പേട്രിയറ്റ് ഒരു വിസ്മയിപ്പിക്കുന്ന സിനിമാനുഭവമാണെന്നാണ്.
സൂപ്പർതാരങ്ങളും മുൻനിര സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഈ ചിത്രം, അതിന്റെ ക്രാഫ്റ്റിന് മാത്രമല്ല, ആന്റോ ചേട്ടൻ എന്ന മനുഷ്യന് വേണ്ടിക്കൂടി വലിയ വിജയം അർഹിക്കുന്നുണ്ട്.
മല്ലൂ സിംഗ് മുതൽ എന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മാളികപ്പുറം വരെയുള്ള സിനിമകൾ നിർമിച്ചത് അദ്ദേഹം ആണ്.
എന്റെ നിർമാണ കമ്പനിയായ യുഎംഎഫ് തുടങ്ങിയപ്പോൾ ആദ്യം വിളിച്ച് ആശംസകൾ അറിയിച്ചത് മുതൽ ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള എന്റെ അഭ്യർഥന കേട്ട് മാർക്കോ എന്ന സിനിമ നിർമിക്കാനുള്ള എൻഒസി യാതൊരു മടിയും കൂടാതെ കൈമാറിയ ആ മനുഷ്യന്റെ ഔദാര്യത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.
നിങ്ങളുടെ ആ വലിയ മനസ് ഇല്ലായിരുന്നെങ്കിൽ മാർക്കോ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ആ സിനിമയുടെ വമ്പിച്ച വിജയത്തിൽ നിന്ന് ഒരു പൈസ പോലും നിങ്ങൾ പ്രതിഫലമായി വാങ്ങിയില്ല എന്ന വസ്തുത കൂടി ഇവിടെ അടിവരയിടുന്നു. നിങ്ങൾ എപ്പോഴും വിജയിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കാനുള്ള യഥാർത്ഥ കാരണവും ഇതുതന്നെയാണ്.
മമ്മൂക്കയ്ക്കും ലാലേട്ടനും ഫഹദിനും, സ്കിപ്പറിനും മഹേഷിനും, ഒപ്പം പേട്രിയറ്റ് സിനിമയുടെ മുഴുവൻ ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ചിത്രം തിയറ്ററുകളിൽ തന്നെ കണ്ട് വിജയിപ്പിക്കുക!''. ഉണ്ണി മുകുന്ദൻ കുറിച്ചു.
Tags : Unni mukundan Anto Joseph patriot