ദ്രാസിലെ യുദ്ധ സ്മാരകത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുഷ്പചക്രം അർപ്പിക്കുന്നു.
ന്യൂഡൽഹി: കാർഗിൽ വിജയദിനത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം. ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പുഷ്പചക്രം അർപ്പിച്ചു.
ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, നോർത്തേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സ്മാരകത്തിന് മുകളിലൂടെ മൂന്ന് ഹെലികോപ്റ്ററുകൾ അരോഹെഡ് ഫോർമേഷനിൽ പറന്ന് പുഷ്പവൃഷ്ടി നടത്തി. കഴിഞ്ഞ ദിവസം ദ്രാസ് യുദ്ധ സ്മാരകത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ശൗര്യ സന്ധ്യയും സംഘടിപ്പിച്ചിരുന്നു.
വർഷത്തിൽ ഒമ്പത് മാസവും മഞ്ഞുമൂടിക്കിടക്കുന്ന പർവതമേഖലയാണ് കാർഗിൽ. കൊടും ശൈത്യകാലത്ത് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ പിന്മാറുകയും തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചെത്തി നുഴഞ്ഞുകയറ്റം നടത്തുകയായിരുന്നു.
പിന്നീട് മേയ് മാസത്തിലാണ് പാക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യയ്ക്ക് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരമാണ് ഇതിൽ നിർണായകമായത്. തുടർന്ന് സൈന്യത്തിന്റെ നീക്കം അതിവേഗത്തിലായിരുന്നു. പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതോടെ 72 ദിവസം നീണ്ട ശക്തമായ പോരാട്ടമാണ് നടന്നത്.
1999 മേയ് മൂന്നിന് തുടങ്ങി ജൂലൈ 26ന് ഔദ്യോഗികമായി അവസാനിച്ച യുദ്ധത്തിനൊടുവിൽ പാക്കിസ്ഥാന് പരാജയം സമ്മതിക്കേണ്ടിവന്നു. ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായിക് സജി കുമാർ, ലെഫ്. കേണൽ ആർ. വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ജവാന്മാരാണ് കാർഗിലിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത്.
Tags : Kargil Vijay Diwas Anniversary War Memorial Rajnath Singh Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash