പ്രതീകാത്മക ചിത്രം
ഭോപ്പാൽ: പ്രണയബന്ധത്തിന്റെ പേരിൽ യുവാവിനെ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലിസിന്റെ അന്വേഷണത്തിൽ സത്യം പുറത്തുവരികയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
നഹർവാണി സ്വദേശി റിയാൻഷ് ചൗഹാനാണ് (20) കൊല്ലപ്പെട്ടത്. നവംബർ 17-ന് ലോഹാര-പരസപാനി റോഡിൽ ബാന്ധ തലാബിന് സമീപം റിയാൻഷിന്റെ സ്കൂട്ടറിന് അരികിലായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാഥമികമായി ഇതൊരു റോഡപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും മൃതദേഹത്തിലെ പരിക്കുകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളും പൊലിസിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ റിയാൻഷിന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അഞ്ച് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒരു യുവതിയുമായി റിയാൻഷ് പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ പിതാവ് ജീവൻ പട്ലെയും സഹോദരൻ അശുതോഷ് പട്ലെയും ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിയാൻഷും അശുതോഷും തമ്മിൽ നേരത്തെ വാക്കുതർക്കമുണ്ടായിരുന്നു.
തുടർന്ന് റിയാൻഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ച അശുതോഷ് നാലുപേർക്ക് പത്ത് ലക്ഷം രൂപ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നവംബർ 16-ന് രാത്രി പരസപാനി ഗ്രാമത്തിലെ ഒരു ഉത്സവപ്പറമ്പിൽ നിന്ന് ഒന്നിച്ച് സമയം ചെലവഴിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ റിയാൻഷിനെ കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മദ്യം നൽകിയ ശേഷം ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അപകടമരണമാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം റോഡരികിൽ സ്കൂട്ടറിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും മൊബൈൽ ഫോണുകളും പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലിസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി പൊലിസ് തെരച്ചിൽ ഊർജിതമാക്കി.
Tags : Death AccidentalDeath Arrest