ഗോഹട്ടി/പുതുച്ചേരി: ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. ആസാമിൽ 126 മണ്ഡലങ്ങളിലും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. രണ്ടിടത്തും എൻഡിഎ ആണ് അധികാരത്തിലുള്ളത്.
ആസാമിൽ തുടർച്ചയായ മൂന്നാം വിജയം ബിജെപി ലക്ഷ്യമിടുന്പോൾ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ തന്ത്രങ്ങളൊരുക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഗൗരവ് ഗൊഗോയ് ആണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്. 722 സ്ഥാനാർഥികളാണു രംഗത്തുള്ളത്.
ഹിമന്ത ജലുക്ബാരിയിലും ഗൊഗോയി ജോർഹട്ടിലും ജനവിധി തേടുന്നു. ആകെ 2.5 കോടി വോട്ടർമാർ. കോൺഗ്രസ് 99 സീറ്റിലും ബിജെപി 90ലും മത്സരിക്കുന്നു. എഐയുഡിഎഫ് 30 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കുന്നു. ബിജെപി, എജിപി, ബിപിഎഫ് എന്നിവയാണ് എൻഡിഎയിലെ ഘടകകക്ഷികൾ. 64 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്.
കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ റായ്ജോർ ദൾ, ആസാം ജതിയ പരിഷത്ത്, സിപിഎം, എപിഎച്ച്എൽസി എന്നീ പാർട്ടികളുമുണ്ട്. എഎപി, തൃണമൂൽ കോൺഗ്രസ്, ജെഎംഎം എന്നിവർ ഒറ്റയ്ക്കു മത്സരിക്കുന്നു.
പുതുച്ചേരിയിൽ അഞ്ചാം തവണ മുഖ്യമന്ത്രിസ്ഥാനമാണ് എൻആർകോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസ്വാമി ലക്ഷ്യമിടുന്നത്. എൻആർ കോൺഗ്രസ്, ബിജെപി, അണ്ണാഡിഎംകെ, ഐജെകെ എന്നീ കക്ഷികളാണ് എൻഡിഎയിലുള്ളത്. കോൺഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ മുന്നണിയിൽ ഡിഎംകെയും വിസികെയും ഉൾപ്പെടുന്നു.
ഡിഎംകെയ്ക്കു നല്കിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് പ്രതിപക്ഷസഖ്യത്തിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. പുതുച്ചേരിയിൽ 16 എംഎൽഎമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
Tags : Assam Puducherry pronounce verdict Polling Booth