ജയ്പുർ: നീറ്റ് യുജി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ചോർന്നത് കേരളത്തിലെന്നു രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ്. അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജി ചോദ്യപേപ്പർ കേസിൽ നടപടി വൈകിച്ചതിന്റെ പേരിൽ രാജസ്ഥാൻ സർക്കാരിനെതിരേ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രതിപക്ഷനേതാവ് ടിക്കാറാം ജുല്ലിയും രൂക്ഷ വിമർശനമുയർത്തി. കേന്ദ്രസർക്കാരിനു പ്രശ്നമുണ്ടാകാതിരിക്കാനാണ് രാജസ്ഥാൻ സർക്കാർ നടപടി വൈകിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് സംസ്ഥാനസർക്കാരിനു വിവരം ലഭിച്ചിരുന്നതായി ഗെഹ്ലോട്ട് പറഞ്ഞു. “പരാതി സംബന്ധിച്ച് എൻടിഎ രാജസ്ഥാൻ ഡിജിപിയെ അറിയിച്ചിരുന്നു. അതിനുശേഷമാണ് രാജസ്ഥാൻ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം ആരംഭിച്ചത്. വിവരം മറച്ചുവയ്ക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
മേയ് മൂന്നിലെ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിരുന്നു. അവർ എൻടിഎയ്ക്ക് പരാതി എഴുതി നൽകി. പരാതികൾ ബോധ്യപ്പെട്ട എൻടിഎ പരീക്ഷ റദ്ദാക്കി. കേസ് സിബിഐക്കു കൈമാറി.
രാജസ്ഥാൻ എസ്ഒജി ഒരു കേസുപോലും രജിസ്റ്റർ ചെയ്തില്ല. ’’ -അശോക് ഗെഹ്ലോട്ട് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി ഭരണമുണ്ടായശേഷമാണ് 89 ശതമാനം ചോദ്യപേപ്പർ ചോർച്ചാ സംഭവങ്ങളുണ്ടായതെന്ന് ടിക്കാറാം ജുല്ലി ആരോപിച്ചു.
Tags : leaked Kerala Madan Rathod BJP president Rajasthan question papers Neet scam